പ്രചരണത്തിനെത്തുന്നവര്‍ ചോദിക്കുന്നത് ചേലക്കര പൂരത്തെക്കുറിച്ചല്ല, ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച്: യു.ആര്‍. പ്രദീപ്

വെടിക്കെട്ട് നടക്കാതിരുന്നതിന് പിന്നില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല, എല്ലാ രാഷ്ട്രീയക്കാരും കമ്മിറ്റിയില്‍ ഉണ്ട്.
പ്രചരണത്തിനെത്തുന്നവര്‍ ചോദിക്കുന്നത് ചേലക്കര പൂരത്തെക്കുറിച്ചല്ല, ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച്: യു.ആര്‍. പ്രദീപ്
Published on

തൃശൂര്‍ പൂരത്തിന് സമാനമായി ചേലക്കരയിലെ അന്തി മഹാകാളന്‍ കാവിലെ പൂരവും കലക്കിയെന്ന യുഡിഎഫിന്റെയും ബിജെപിയുടെയും ആരോപണങ്ങളില്‍ മറുപടിയുമായി ഇടത് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് യുഡിഎഫും ബിജെപിയും ചേലക്കര പൂരം വിഷയമാക്കുന്നത്. പ്രചരണത്തിനെത്തുമ്പോള്‍ ജനങ്ങള്‍ ചോദിക്കുന്നത് ജനകീയ പ്രശ്നങ്ങളെക്കുറിച്ചാണ്, അന്തി മഹാകാളന്‍ കാവിലെ പൂരത്തെക്കുറിച്ചല്ലെന്നും യു.ആര്‍. പ്രദീപ് പറഞ്ഞു.

വെടിക്കെട്ട് നടക്കാതിരുന്നതിന് പിന്നില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല. എല്ലാ രാഷ്ട്രീയക്കാരും കമ്മിറ്റിയില്‍ ഉണ്ട്. ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ ഇടപെട്ടാല്‍ മാറ്റിമറിക്കാവുന്നതല്ല കേന്ദ്ര നിയമങ്ങളെന്നും പ്രദീപ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

പി.വി. അന്‍വര്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള ഭീഷണിയാണ്. അന്‍വര്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് ജനത്തിന് നല്ല ബോധ്യമുണ്ട്. വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന അന്‍വര്‍ എവിടേക്കാണ് പോകുന്നത് എന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നും പ്രദീപ് പറഞ്ഞു. അതേസമയം, പി.വി. അന്‍വര്‍ കോണ്‍ഗ്രസുമായി നടത്തുന്ന ചര്‍ച്ചകളില്‍ തനിക്ക് ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചേലക്കരയിലെ അന്തി മഹാകാളന്‍ കാവിലെ വെടിക്കെട്ട് രണ്ട് വര്‍ഷമായി മുടങ്ങിയിട്ടും അന്നത്തെ എംഎല്‍എയായിരുന്ന കെ. രാധാകൃഷ്ണന്‍ ഇടപെട്ടില്ലെന്ന തരത്തിലായിരുന്നു യുഡിഎഫും ബിജെപിയും ഉന്നയിച്ച ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com