
പെരുമ്പാവൂർ വാഴക്കുളത്തെ മാറമ്പിള്ളി എംഇഎസ് കോളേജിൽ ഇക്കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിനിടെ കാറുകളിൽ അഭ്യാസ പ്രകടനം നടത്തിയതിന് 12 പേരുടെ ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു. സംഭവ സമയം വാഹനങ്ങളോടിച്ചതായി കണ്ടത്തിയ രണ്ട് വിദ്യാർഥിനികൾ ഉൾപ്പെടെ 12 പേരുടെ ലൈസൻസാണ് ആറ് മുതൽ 12 മാസം വരെ സസ്പെൻഡ് ചെയ്തത്. ഇവർ 3000 മുതൽ 12,000 രൂപ വരെ പിഴയും അടയ്ക്കണം.
കഴിഞ്ഞ ഡിസംബർ 19ന് മാറമ്പള്ളി എംഇഎസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ ആഡംബര കാറുകൾ, ബൈക്കുകൾ, തുറന്ന വാഹനങ്ങൾ എന്നിവ അണിനിരത്തി പരേഡും അഭ്യാസ പ്രകടനങ്ങളും നടത്തിയിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്.
അതേസമയം, പത്തനംതിട്ട കടമ്പനാട് കല്ലുകുഴി ടൂറിസ്റ്റ് ബസ് അപകടത്തിന് പിന്നാലെ ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്തു. ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കിയിട്ടുണ്ട്. 'ഒറ്റയാൻ' എന്ന ബസിന്റെ ഡ്രൈവർ അരുൺ സജിയുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സ്പീഡ് ഗവർണറിൽ വേഗം 95 കിലോമീറ്റർ എന്നാണ് ക്രമപ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച രാവിലെ 6.30ന് ആയിരുന്നു അപകടം. കൊല്ലം പള്ളിമുക്കിലെ ബി.എഡ് കോളേജ് അധ്യാപകരും വിദ്യാർഥികളുമാണ് അപകടത്തിൽപ്പെട്ടത്.