ക്ലബ്ബ് ഫുട്‌ബോളില്‍ നേടാവുന്നതെല്ലാം നേടിയ കാര്‍ലോ ആഞ്ചലോട്ടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ എന്ത് മായാജാലമാകും കാത്തുവച്ചിട്ടുണ്ടാവുക. തന്ത്രങ്ങളുടെ തമ്പുരാനും എന്തിനും പോന്ന സംഘവും ചേരുമ്പോള്‍ ഫുട്‌ബോളില്‍ എന്ത് മാറ്റം നമുക്ക് പ്രതീക്ഷിക്കാം...
ബ്രസീല്‍ ടീം അഴിച്ചുപണിയാന്‍ ഇനി കാര്‍ലോ ആഞ്ചലോട്ടി. പതിവ് വിട്ട് സൂപ്പര്‍ പരിശീലകനെയെത്തിച്ച് 2026 ലോകകപ്പ് സ്വപ്നം കാണുകയാണ് കാനറികള്‍. ഇതിഹാസ പരിശീലകന്‍ എത്തുന്നതോടെ നല്ല കാലം വരുമെന്ന് ആരാധകരും സ്വപ്നം കാണുന്നു.
കാരണം ഇത്രയും തകര്‍ന്നൊരു ബ്രസീലിനെ ആരാധകര്‍ ഇതിനു മുമ്പ് കണ്ടിട്ടില്ല. കിരീടമില്ലാതെ, തുടര്‍തോല്‍വികള്‍ നേരിട്ട് ലോകകപ്പ് യോഗ്യതയ്ക്കായി കാത്തിരിക്കുന്ന ഒരു ബ്രസീല്‍. ഇന്നും ഇന്നലെയുമല്ല, എല്ലാ കാലത്തും പ്രതിഭകള്‍ നിറഞ്ഞൊരു കൂട്ടമാണ് ബ്രസീല്‍ ഫുട്‌ബോള്‍ ടീം. അവസാനമായി ബ്രസീല്‍ ലോകകപ്പ് നേടിയ 2002ലെ സംഘത്തെ ഒന്ന് ഓര്‍ത്തുനോക്കിയാല്‍ മതി, എക്കാലത്തെയും മികച്ച താരങ്ങളെ കുത്തിനിറച്ച ഒരു കൂട്ടം.
റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, കക്ക, റോബര്‍ട്ടോ കാര്‍ലോസ്, റിവാള്‍ഡോ, നായകന്‍ കഫു... ഗോളടിക്കുക മാത്രമല്ല ഗോളിലൂടെ ഗാലറിയെ ആനന്ദിപ്പിക്കുകയും ചെയ്ത സംഘം. സാംബ നൃത്തച്ചുവട് ആഘോഷത്തിന് മാത്രമല്ല പന്തടക്കത്തിനിടയിലും കാണികള്‍ക്ക് കാണിച്ചുകൊടുത്ത സംഘം. അഞ്ച് ലോക കിരീടം കൈയ്യടക്കി ഇന്നും റെക്കോര്‍ഡ് സൂക്ഷിക്കുന്ന അതേ ബ്രസീലാണ്, അടുത്ത ലോകകപ്പ് യോഗ്യത ഉറപ്പിക്കുമോയെന്ന ആശങ്കയുമായി നില്‍ക്കുന്നത്.
അവിടെയാണ് എല്ലാ ആശങ്കകള്‍ക്കും പരിഹാരം കാണാന്‍ കാര്‍ലോ ആഞ്ചലോട്ടിയെത്തുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ഡോണ്‍ കാര്‍ലോ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ബ്രസീലിന്റെ എല്ലാ മുന്നേറ്റവും നെയ്മര്‍ ജൂനിയറിനെ ചുറ്റിപ്പറ്റിയായിരുന്നു. 2013ല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ജയവും 2016ലെ ഒളിംപിക് സ്വര്‍ണവും ബ്രസീല്‍ നേടിയത് നെയ്മറിന്റെ കരുത്തിലാണ്. നെയ്മറില്ലാതെ 2019 കോപ്പ അമേരിക്കയും ബ്രസീല്‍ സ്വന്തമാക്കി. എന്നാല്‍ അതിന് ശേഷം കഴിഞ്ഞ ആറ് വര്‍ഷമായി ബ്രസീലിന്റെ തകര്‍ച്ചയാണ് ഫുട്‌ബോള്‍ ലോകം കാണുന്നത്.
ALSO READ: ബ്രസീലിന് ആറാം ലോകകപ്പ് സമ്മാനിക്കുക ലക്ഷ്യം; ആദ്യ വിദേശ പരിശീലകനായി കാർലോ ആഞ്ചലോട്ടി
സൂപ്പര്‍താരത്തിന്റെ കരിയറിന്റെ വലിയൊരു ഭാഗവും പരിക്ക് കൊണ്ടുപോയതോടെ ബ്രസീലും നിറംമങ്ങിത്തുടങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബ്രസീല്‍ ടീമിലേക്ക് മൂന്ന് പരിശീലകരെത്തി. ബ്രസീല്‍ ജയം മറന്നു. ലോകവേദികളില്‍ നിരാശപ്പെടുത്തി. അതേകാലത്ത് അര്‍ജന്റീന ടീമിനുണ്ടായ പുത്തനൂര്‍ജം കൂടിയായപ്പോള്‍ ആരാധകരും നിരാശയുടെ പടുകുഴിയിലായി. അപ്പോഴും ലോകത്തിലെ മുന്‍നിര ലീഗുകളിലെ സൂപ്പര്‍ടീമുകളില്‍ ബ്രസീലിയന്‍ താരങ്ങള്‍ അപ്രമാദിത്വം തുടരുന്നുണ്ടായിരുന്നു.
ഒടുവില്‍ ബ്രസീലിന്റെ യഥാര്‍ത്ഥ പ്രശ്നം എന്തെന്ന് ഫെഡറേഷന്‍ തിരിച്ചറിഞ്ഞു. താരങ്ങളല്ല... താരങ്ങളെ ഒരുക്കുന്ന പരിശീലകന്‍ തന്നെയാണ് മാറേണ്ടത്. ഇതിഹാസങ്ങളെ പരിശീലിപ്പിച്ച ഇതിഹാസ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിക്ക് വേണ്ടി ഒരു വര്‍ഷം കാത്തിരുന്നാണ് ബ്രസീല്‍ ഒടുവില്‍ ലക്ഷ്യത്തിലെത്തിയത്. കാര്‍ലോ വരികയാണ് ബ്രസീലിന്റെ ശാപം മാറ്റാന്‍.
ട്രോഫികള്‍ കാര്‍ലോ ആഞ്ചലോട്ടിക്ക് പുതുമയല്ല. അഞ്ച് ചാംപ്യന്‍സ് ലീഗുകള്‍ എന്ന റെക്കോര്‍ഡുണ്ട് ആഞ്ചലോട്ടിയുടെ പേരില്‍. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെല്ലാം കിരീടമുയര്‍ത്തിയ ഒരേയൊരു പരിശീലകനും ആഞ്ചലോട്ടി തന്നെ. മൂന്ന് ക്ലബ്ബ് ലോകകപ്പുകളും അഞ്ച് സൂപ്പര്‍ കപ്പ് കിരീടവുമുണ്ട് കാര്‍ലോ ആഞ്ചലോട്ടിയുടെ പേരില്‍. റയലില്‍ മാത്രം നേടിയത് 15 കിരീടങ്ങള്‍. ഇതു തന്നെയാണ് ചരിത്രത്തിലാദ്യമായി വിദേശ പരിശീലകനെ പരീക്ഷിക്കാന്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ പ്രേരിപ്പിച്ചതിന് പിന്നിലെ കാരണം. ഈ മാസം 26ന് റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അവസാനിപ്പിച്ച് ആഞ്ചലോട്ടി ബ്രസീലിലേക്ക് വിമാനം കയറും. കാത്തിരിക്കുന്നത് ചെറിയ വെല്ലുവിളിയല്ല. പക്ഷേ ഇത് ബ്രസീലിന്റെ തിരിച്ചുവരവിന് കാരണമാകുമെന്ന് തന്നെ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.
നിലവില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കന്‍ മേഖലയില്‍ നാലാം സ്ഥാനത്താണ് ബ്രസീല്‍. ഇനി ബാക്കിയുള്ളത് നാല് മത്സരങ്ങള്‍. അര്‍ജന്റീന മാത്രമാണ് മേഖലയില്‍ യോഗ്യത ഉറപ്പിച്ച ഒരേയൊരു ടീം. അതിനാല്‍ ഇനിയുള്ള നാല് മത്സരങ്ങളും ബ്രസീലിന് നിര്‍ണായകം. ആദ്യ ആറ് സ്ഥാനക്കാര്‍ക്കാണ് ലാറ്റിനമേരിക്കയില്‍ നിന്ന് നേരിട്ട് യോഗ്യത. ജൂണ്‍ ആറിന് ഇക്വഡോറിനെതിരെയാകും ആഞ്ചലോട്ടിയുടെ ബ്രസീല്‍ അരങ്ങേറ്റം. പരാഗ്വെ, ചിലെ, ബൊളീവിയ ടീമുകളാണ് അടുത്ത എതിരാളികള്‍.
നെയ്മര്‍ വീണ്ടും പരിക്കിന്റെ പിടിയിലായെങ്കിലും വിനീഷ്യസ്, റഫീഞ്ഞ, റോഡ്രിഗോ, എൻറിക്, ആന്റണി തുടങ്ങിയ വന്‍തോക്കുകള്‍ ഇപ്പോഴും ബ്രസീല്‍ നിരയിലുണ്ട്. കാര്‍ലോ ആഞ്ചലോട്ടിക്ക് കീഴില്‍ ടീം ഉടച്ചുവാര്‍ത്തെത്തുമ്പോള്‍ എതിരാളികളും കാത്തിരിക്കുകയാണ്. ക്ലബ്ബ് ഫുട്‌ബോളില്‍ നേടാവുന്നതെല്ലാം നേടിയ കാര്‍ലോ ആഞ്ചലോട്ടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ എന്ത് മായാജാലമാകും കാത്തുവച്ചിട്ടുണ്ടാവുക. തന്ത്രങ്ങളുടെ തമ്പുരാനും.. എന്തിനും പോന്ന സംഘവും ചേരുമ്പോള്‍ ഫുട്‌ബോളില്‍ എന്ത് മാറ്റം നമുക്ക് പ്രതീക്ഷിക്കാം? എല്ലാത്തിനും ഉത്തരം അടുത്ത ലോകകപ്പ് നല്‍കും...