വർക്കലയിൽ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവം: മകൾക്കെതിരെ കേസ്

സ്വത്ത്‌ തട്ടിയെടുക്കൽ, വഞ്ചന കുറ്റം എന്നിവ ചുമത്തിയാണ് മകൾ സിജിക്കും ഭർത്താവിനുമെതിരെ കേസെടുത്തിരിക്കുന്നത്
വർക്കലയിൽ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവം: മകൾക്കെതിരെ കേസ്
Published on


തിരുവനന്തപുരം വർക്കലയിൽ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ മകൾ സിജിക്കെതിരെ കേസെടുത്ത് പൊലീസ്. കേസിൽ അയിരൂർ പൊലീസ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. സ്വത്ത്‌ തട്ടിയെടുക്കൽ, വഞ്ചന കുറ്റം എന്നിവ ചുമത്തിയാണ് മകൾ സിജിക്കും ഭർത്താവിനുമെതിരെ കേസെടുത്തിരിക്കുന്നത്. മകൾ വീട്ടിൽ നിന്ന് പുറത്താക്കിയതോടെ മാതാപിതാക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു.



79ഉം 73ഉം വയസുള്ള സദാശിവൻ,സുഷമ ദമ്പതികളെയാണ് മകൾ കഴിഞ്ഞ ദിവസം പുറത്താക്കിയത്. പൊലീസെത്തിയിട്ടും മാതാപിതാക്കളെ വീട്ടിനകത്ത് കയറ്റാൻ മകൾ വഴങ്ങിയിരുന്നില്ല. ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ താമസിക്കാൻ എത്തിയപ്പോഴാണ് സദാശിവനും സുഷമയ്ക്കും ഈ ദുരനുഭവമുണ്ടായത്.

മകൾ സിജി ഗേറ്റ് അടച്ചതോടെ പ്രായംചെന്ന മാതാപിതാക്കൾക്ക് ഏറെനേരം പുറത്തിരിക്കേണ്ടിവന്നു. അയിരൂർ പൊലീസ് മതിൽ ചാടിക്കടന്ന് വീട്ടിലെത്തി മകളോട് സംസാരിച്ചെങ്കിലും മാതാപിതാക്കളെ അകത്ത് കയറ്റാൻ വഴങ്ങിയില്ല. ഇതോടെ സദാശിവൻ വീടിൻറെ ഗേറ്റ് പൊളിച്ച് അകത്തു കടന്നു.എന്നാൽ വീടിൻറെ വാതിൽ തുറക്കാതെ മകൾ അകത്തുതന്നെ തുടർന്നു.


മകൾ ഒരുതരത്തിലും വഴങ്ങാതായതോടെയാണ് മാതാപിതാക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്. ഇതിനു മുൻപും സിജി മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കി ഗേറ്റ് പൂട്ടിയിരുന്നു. സദാശിവനും സുഷമയും നേരത്തെ തന്നെ സ്വത്ത് വകകൾ മകളുടെ പേരിലേക്ക് എഴുതിവെച്ചതാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com