യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പ്: കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്

സംഘർഷത്തെ തുടർന്ന് വോട്ടെണ്ണല്‍ നിർത്തി വെക്കുകയും സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തു
യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പ്: കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്
Published on

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ കൈയേറ്റം ചെയ്തതിനാണ് കേസെടുത്തത്. വോട്ടെണ്ണലിനിടെയാണ് എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. സെനറ്റിലെ സംവരണ സീറ്റ് കെഎസ്‌യു അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. ഇതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. എസ്എഫ്ഐ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കെഎസ്‌‌യുവും രംഗത്തെത്തി. സംഘർഷത്തെ തുടർന്ന് വോട്ടെണ്ണല്‍ നിർത്തി വെക്കുകയും സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തു.

പൊലീസ് ഇടപെട്ടതിനെ തുടർന്ന് സംഘർഷാവസ്ഥയ്ക്ക് ചെറിയ ശമനമുണ്ടായെങ്കിലും ബാലറ്റ് കാണാനില്ല എന്ന ആരോപണം കെഎസ്‍യു ഉയർത്തിയതോടെ സ്ഥിതി വീണ്ടും വഷളാവുകയായിരുന്നു. സെനറ്റ് തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കെഎസ്‍യു ആവശ്യപ്പെട്ടു. 20 ബാലറ്റ് പേപ്പറുകള്‍ എസ്എഫ്ഐ അടിച്ചുമാറ്റിയെന്നാണ് കെഎസ്‌യുവിന്‍റെ ആരോപണം. ആർഷോയുടെ നേതൃത്വത്തിൽ അക്രമം അഴിച്ചു വിടുന്നുവെന്നും കെഎസ്‌യു ആരോപിച്ചു. സംഘർഷത്തില്‍ ഇരു പാർട്ടിയിലേയും പ്രവർത്തകർക്ക് പരുക്കേറ്റു.


അതേസമയം, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. കേരള സർവകലാശാല ചരിത്രത്തിലാദ്യമായി വനിതകളുടെ പാനലുമായാണ് എസ്എഫ്ഐ യൂണിയന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച എസ്എഫ്ഐ സ്ഥാനാർഥി എസ്. സുമി 116 വോട്ടുകൾ നേടിയാണ് ഒന്നാമതെത്തിയത്. കൊല്ലം എസ്.എന്‍. കോളേജ് വിദ്യാർഥിനിയാണ് സുമി. ജനറല്‍ സെക്രട്ടറിയായി വഴുതക്കാട് ഗവ. വനിതാ കോളേജിലെ അമിത ബാബുവും വിജയിച്ചു. അക്കൗണ്ട്സ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ച് സീറ്റും, സ്റ്റുഡൻ്റ്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ 10ൽ 8 സീറ്റും, എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ 15ൽ 13 സീറ്റും എസ്എഫ്ഐ നേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com