50 കോൺഗ്രസ് പ്രവർത്തകർക്കും 25 സിപിഐഎം പ്രവർത്തകർക്കുമെതിരെയാണ് കേസ്
കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നയിച്ച പദയാത്രയിലെ സംഘർഷത്തിൽ 75 പേർക്കെതിരെ കേസ്. 50 കോൺഗ്രസ് പ്രവർത്തകർക്കും 25 സിപിഐഎം പ്രവർത്തകർക്കുമെതിരെയാണ് കേസ്. പദയാത്ര മലപ്പട്ടം സെൻ്ററിലെത്തിയപ്പോൾ ജാഥയുടെ പുറകിലുണ്ടായ 50 കോൺഗ്രസ് പ്രവർകരും, റോഡരികിൽ കൂടിനിന്ന സിപിഐഎം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
കഴിഞ്ഞദിവസമാണ് കണ്ണൂർ മലപ്പട്ടത്ത് സിപിഐഎം - കോൺഗ്രസ് സംഘർഷമുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിലായിരുന്നു പദയാത്ര. കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനമാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകടനത്തിൽ മുഖ്യമന്ത്രിയുടെ ഫ്ലക്സ് ഒരു കോൺഗ്രസ് പ്രവർത്തകൻ നശിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. മലപ്പട്ടം സ്വദേശി സനീഷ് പി.ആർ എന്ന കോൺഗ്രസ് പ്രവർത്തകൻ വീഡിയോയിലുണ്ടായിരുന്നു.
തുടർന്ന് സനീഷ് പി.ആറിൻ്റെ വീടിനോട് ചേർന്നുള്ള ഗാന്ധി സ്തൂപവും, കോൺഗ്രസിൻ്റെ കൊടിമരവും സിപിഐഎം പ്രവർത്തകർ നശിപ്പിച്ചു. തൻ്റെ വീടിനുനേരെയും ആക്രമണമുണ്ടായതായി സനീഷ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിൽ സിപിഐഎം പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജീവിക്കാനാകുന്നില്ലെന്ന് ആരോപിച്ച് പദയാത്ര നടത്തിയത്. അടുവാപ്പുറത്ത് നിന്നും മലപ്പട്ടം സെൻ്ററിലേക്കാണ് പദയാത്ര നടത്തിയത്.
മലപ്പട്ടം സെൻ്ററിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായത്. സിപിഐഎം - കോൺഗ്രസ് പ്രവർത്തകർ പരസ്പരം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. വടിയും കുപ്പികളും പ്രവർത്തകർ പരസ്പരം വലിച്ചെറിഞ്ഞു. പൊലീസ് ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്.