'കണ്ടെത്താനും കാണേണ്ടതുപോലെ കാണാനും ശ്രമങ്ങൾ തുടരും'; പൊലീസിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡൻ്റിനെതിരെ കേസ്

'കാക്കിതൊപ്പി വെച്ച ആർഎസ്എസുകാർ' എന്നാണ് ജയഘോഷ് പൊലീസിനെ വിശേഷിപ്പിച്ചത്.
'കണ്ടെത്താനും കാണേണ്ടതുപോലെ കാണാനും ശ്രമങ്ങൾ തുടരും'; പൊലീസിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡൻ്റിനെതിരെ കേസ്
Published on

സമൂഹ മാധ്യമത്തിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡൻ്റിനെതിരെ കേസ്. പാലക്കാട് ജില്ലാ പ്രസിഡൻറ് കെ.എസ്. ജയഘോഷിനെതിരെയാണ് കേസ് എടുത്തത്. പാലക്കാട് സൗത്ത് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കലാപാഹ്വാനം, പൊലീസിനെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.


ഫേസ്ബുക്കിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ടെന്നാണ് ജയഘോഷിനെതിരെയുള്ള കേസ്. കോൺഗ്രസ് സമരത്തെ തല്ലിച്ചതച്ച പൊലീസുകാരിൽ പലരെയും കണ്ടെത്താനും കാണേണ്ടതുപോലെ കാണാനും ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു ജയഘോഷിൻ്റെ പോസ്റ്റ്.

കഴിഞ്ഞ ദിവസം പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്‍റെ പേരിട്ടതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ബിജെപി- യൂത്ത് കോൺഗ്രസ് സംഘർഷമുണ്ടായിരുന്നു. ഇതിനിടെ ചില പൊലീസുകാർ യൂത്ത് കോൺഗ്രസുകാരെ പ്രവർത്തകരെ മർദിച്ചെന്നും, ഈ പൊലീസുകാരെ 'കാണേണ്ടത് പോലെ കാണുമെന്നുമാണ് ജയഘോഷിൻ്റെ ഭീഷണി. 'കാക്കിതൊപ്പി വെച്ച ആർഎസ്എസുകാർ' എന്നാണ് ജയഘോഷ് പൊലീസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നരഭോജികളെന്നും വിശേഷണമുണ്ട്.

ജയഘോഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:


യാതൊരു പ്രകോപനമോ കാരണമോ കൂടാതെ, കാക്കി തൊപ്പി വെച്ച കുറെയേറെ ആർ.എസ്.എസ്സുകാർ ഇന്നലെ യൂത്ത് കോൺഗ്രസ്സ് സമരത്തെ തല്ലിച്ചതച്ചത് നിങ്ങളെല്ലാവരും അറിഞ്ഞല്ലോ? പലരെയും കണ്ടെത്താനും കാണേണ്ടത് പോലെ കാണാനും ഞങ്ങൾ ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്.

യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ പി.ടി.അജ്‌മൽ വിവരാവകാശം ലഭിക്കാനുള്ള കടലാസ് പോലീസ് സ്റ്റേഷനിൽ കൊടുത്തു കഴിഞ്ഞു.
ഈ ഉദ്യമത്തിൽ പങ്കാളികളാവാൻ പൊതു ജനത്തേയും ഞങ്ങൾ ക്ഷണിക്കുകയാണ്. താഴെയുള്ള ചിത്രത്തിൽ ഉള്ള നരഭോജികളെ അറിയുമെങ്കിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെടുമല്ലോ?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com