ഇനി ട്രെയിനിൽ എടിഎം; പഞ്ചവടി എക്‌സ്പ്രസിൽ ആദ്യമായി അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ

ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ പോലും യാത്രക്കാർക്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും
ഇനി ട്രെയിനിൽ എടിഎം; പഞ്ചവടി എക്‌സ്പ്രസിൽ ആദ്യമായി അവതരിപ്പിച്ച്
ഇന്ത്യൻ റെയിൽവേ
Published on

രാജ്യത്ത് ആദ്യമായി ട്രെയിനിൽ എടിഎം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. മുംബൈ - മൻമദ് പഞ്ചവടി എക്‌സ്പ്രസിലാണ് ആദ്യമായി ട്രെയിനിൽ എടിഎം അവതരിപ്പിച്ചത്. ട്രെയിനിലെ എയർ കണ്ടീഷൻ ചെയ്ത കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. എടിഎം സ്ഥാപിച്ച ട്രെയിൻ വിജയകരമായി അതിൻ്റെ പരീക്ഷണ ഓട്ടം പൂർത്തിയാക്കി. സ്വകാര്യ ബാങ്കിന്റെ എടിഎമ്മാണ് ട്രെയിനിൽ സ്ഥാപിച്ചത്.

ഇതിലൂടെ ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ പോലും യാത്രക്കാർക്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ഇന്ത്യൻ റെയിൽവേസ് ഇന്നവേറ്റീവ് ആൻഡ് നോൺ ഫെയർ ഐഡിയ (INFRIS) എന്ന പദ്ധതിയുടെ ഭാഗമായാണ് ട്രെയിനിൽ എടിഎം സജ്ജീകരിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഭൂസാവൽ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഇഗത്പുരിക്കും കസാരയ്ക്കും ഇടയിലുള്ള ചെറിയ സമയത്തെ നെറ്റ്‌വർക്ക് നഷ്ടം ഒഴികെ പരീക്ഷണ ഓട്ടം നന്നായി പൂർത്തീകരിക്കാൻ സാധിച്ചു. യാത്രയിലുടനീളം യന്ത്രം സുഗമമായി പ്രവർത്തിച്ചുവെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. "ഫലം നല്ലതായിരുന്നു. യാത്ര ചെയ്യുമ്പോളും ആളുകൾക്ക് ഇപ്പോൾ പണം പിൻവലിക്കാൻ കഴിയും. മെഷീനിന്റെ പ്രകടനം ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കും," ഭൂസാവലിലെ ഡിവിഷണൽ റെയിൽവേ മാനേജർ ഇതി പാണ്ഡെ പറഞ്ഞു. ഭൂസാവൽ ഡിവിഷൻ സംഘടിപ്പിച്ച INFRIS മീറ്റിംഗിലാണ് ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചതെന്നും പാണ്ഡെ പങ്കുവെച്ചു.

പണം പിൻവലിക്കുന്നതിന് പുറമേ, ചെക്ക് ബുക്കുകൾ ഓർഡർ ചെയ്യുന്നതിനും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ സ്വീകരിക്കുന്നതിനും യാത്രക്കാർക്ക് എടിഎം ഉപയോഗിക്കാനാകും. സുരക്ഷ ഉറപ്പാക്കാൻ, എടിഎമ്മിൽ ഒരു ഷട്ടർ സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും നിരീക്ഷിക്കാൻ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർക്കിടയിൽ ജനപ്രിയമായാൽ കൂടുതൽ ട്രെയിനുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com