ജാതി വിവേചനവും കുട്ടികളിലെ വളർച്ചാ മുരടിപ്പും; ലോകത്തിലെ തന്നെ ദരിദ്ര പ്രദേശമായ സബ്-സഹാറയേക്കാൾ മുന്നിൽ ഇന്ത്യയെത്തുമ്പോൾ

''ദി മിസ്സിംഗ് പീസ് ഓഫ് ദി പസിൽ: കാസ്റ്റ് ഡിസ്ക്രിമിനേഷൻ ആൻഡ് സ്റ്റന്റിംഗ്" എന്ന തലക്കെട്ടുള്ള പഠനത്തിലാണ് ഇന്ത്യയെയും സബ്-സഹാറൻ ആഫ്രിക്കയെയും താരതമ്യപ്പെടുത്തിയുള്ള ഈ കണക്കുകൾ സർവകലാശാല പുറത്തവിട്ടിരിക്കുന്നത്
ജാതി വിവേചനവും കുട്ടികളിലെ വളർച്ചാ മുരടിപ്പും; ലോകത്തിലെ തന്നെ ദരിദ്ര പ്രദേശമായ സബ്-സഹാറയേക്കാൾ മുന്നിൽ ഇന്ത്യയെത്തുമ്പോൾ
Published on



ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജാതിവിവേചനം ഒരിക്കലും അപരിചിതമായ ഒരു വാക്കല്ല. എത്രയില്ലെന്ന് ആവർത്തിച്ചാലും സമൂഹത്തിൽ ഏതെങ്കിലുമൊരുതരത്തിൽ അതിന്റെ സ്വാധീനം നമുക്ക് കാണാൻ കഴിയും. ലോകമെമ്പാടുമുള്ള ഏകദേശം 260 ദശലക്ഷം ആളുകളെ ജാതി വിവേചനം ബാധിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങളുടെ വൻതോതിലുള്ള ലംഘനങ്ങളും ഉൾപ്പെടുന്നുണ്ട്. ലോകമിത്ര മുന്നോട്ട് പോയിട്ടും, രാജ്യം അതിനൊപ്പം ഓടിത്തുടങ്ങിയിട്ടും ജാതിവിവേചനവും അതിന്റെ സ്വാധീനവും കുറയുന്നില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് അശോക സർവകലാശാലയുടെ പുതിയ പഠനം.

സമൂഹത്തിൽ ജാതിവിവേചനം അനുഭവിക്കുന്ന സമുദായങ്ങളിലെ കുട്ടികൾക്ക് മറ്റു മുന്നാക്ക ജാതിയിൽപ്പെട്ട കുട്ടികളെ അപേക്ഷിച്ച് വളർച്ചാ മുരടിപ്പ് കൂടുതലാണെന്നാണ് പറയുന്നത്. ''ദി മിസ്സിംഗ് പീസ് ഓഫ് ദി പസിൽ: കാസ്റ്റ് ഡിസ്ക്രിമിനേഷൻ ആൻഡ് സ്റ്റൻഡിംഗ്" എന്ന അശോക സർവകാലാശാലയുടെ പഠനത്തിലാണ് ഇന്ത്യയെയും സബ്-സഹാറൻ ആഫ്രിക്കയെയും താരതമ്യപ്പെടുത്തിയുള്ള ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ലോകത്തിലെ തന്നെ വളർച്ചാ മുരടിപ്പ് കൂടുതലുള്ള കുട്ടികളിലെ മൂന്നിൽ ഒരു ഭാഗം ഇന്ത്യയിലാണെന്നാണ് കണക്കുകൾ പറയുന്നത്. മാത്രവുമല്ല സബ്-സഹാറൻ ആഫ്രിക്കയിലെ ശരാശരി 30 രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മുരടിപ്പിന്റെ അളവ് കൂടുതലാണെന്നും ഇത് വ്യക്തമാക്കുന്നു.

അതായത്, ദീർഘകാല പോഷകാഹാരക്കുറവിനെ ജാതിയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുമ്പോൾ, സബ്-സഹാറൻ ആഫ്രിക്കയെ അപേക്ഷിച്ച് ഇന്ത്യയിൽ കുട്ടികളുടെ വളർച്ച മുരടിപ്പ് കൂടുതലാണെന്നാണ് പുതിയ ഗവേഷണം തെളിയിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ് ആഫ്രിക്കയിലെ സബ്-സഹാറൻ പ്രദേശം. ആ പ്രദേശത്തെ അപേക്ഷിച്ച് ഇന്ത്യയിലെ കുട്ടികളുടെ വളർച്ച മുരടിപ്പ് നിരക്ക് കൂടുതലാണെന്ന കണക്കുകൾ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നോക്കുമ്പോൾ ഒരു വിരോധാഭാസമാണെന്നാണ് വിദഗ്ധർ പറയുന്നത്.

പട്ടികജാതി-പട്ടികവർഗ പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മറ്റു മുന്നാക്ക ജാതിയിൽ നിന്നുള്ള കുട്ടികളെ അപേക്ഷിച്ച് വളർച്ചാ മുരടിപ്പിനുള്ള സാധ്യത 50% ആണെന്നാണ് സാമ്പത്തിക വിദഗ്ധരായ അശ്വിനി ദേശ്പാണ്ഡെയും, രാജേഷ് രാമചന്ദ്രനും നടത്തിയ ഈ ഗവേഷണത്തിൽ പറയുന്നത്. 2019-21 കാലയളവിൽ ഇന്ത്യയിൽ നടത്തിയ ഗാർഹിക സർവേയെ അടിസ്ഥാനമാക്കിയാണ് ഗവേഷണം. രാജ്യത്തെ അഞ്ച് വയസ്സിന് താഴെയുള്ള 200,000 കുട്ടികളെ 19 സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ശരാശരി 34%വുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ വളർച്ചാ മുരടിപ്പ് 36% ആണെന്നാണ് കണ്ടെത്തൽ.

അതേസമയം കുട്ടികളുടെ പോഷണത്തെയും മുരടിപ്പിനെയും സ്വാധീനിക്കുന്ന സാമൂഹിക-സാമ്പത്തിക ഘടക ങ്ങളും മറ്റ് ഘടകങ്ങളും കണക്കിലെടുത്താലും സഹാറൻ ആഫ്രിക്കയിലെ കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ മുന്നാക്ക ജാതികളിലെ കുട്ടികളുടെ വളർച്ച മുരടിപ്പിനുള്ള സാധ്യത 20% മാത്രമാണ്. അതായത് ഇന്ത്യ-ആഫ്രിക്ക താരതമ്യം കണക്കിലെടുത്ത് പോഷകാഹാര ഫലങ്ങൾ അളക്കുമ്പോൾ ഇന്ത്യയിൽ ജാതിയടിസ്ഥാനത്തിൽ വലിയ തരത്തിലുള്ള അസമത്വം നിലനിൽക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഈ ഗ്രൂപ്പുകൾ തമ്മിലുള്ള അന്തരം ഇന്ത്യ - സഹാറൻ ആഫ്രിക്കയെക്കാൾ കൂടുതൽ ആണെന്നാണ് കണ്ടെത്തൽ. ഇതിനെ ഹിഡൻ ഡിവൈഡ് അഥവാ "മറഞ്ഞിരിക്കുന്ന വിഭജനം" എന്നാണ് ഗവേഷകർ വിളിക്കുന്നത്.

ഗവേഷണത്തിൽ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചത് ഇന്ത്യ- സഹാറൻ ആഫ്രിക്ക എന്നിവയിലെ വളർച്ചാ മുരടിപ്പ് ആയിരുന്നുവെങ്കിലും ഇന്ത്യൻ ജനസംഖ്യയിലെ വളർച്ച മുരടിപ്പിന്റെ വ്യത്യാസങ്ങളും അത്തരം വ്യത്യാസങ്ങൾ നിലനിൽക്കുന്നതിൻ്റെ കാരണങ്ങളും വിശദമായ പഠനങ്ങൾക്ക് വിധേയമാക്കണമെന്നും ദേശ്പാണ്ഡെ പറഞ്ഞു. ഒരു വീട്ടിലെ കുട്ടികളുടെ എണ്ണം, കുട്ടികളുടെ ലിംഗഭേദം, ശുചിത്വത്തിനുള്ള സൗകര്യങ്ങൾ എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ ഘടകങ്ങളിലൂടെ മുൻകാല പഠനങ്ങൾ ഈ വ്യതാസത്തെ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ കുട്ടികളുടെ പോഷകാഹാരക്കുറവിൻ്റെ പ്രധാന കരണങ്ങളിലൊന്നായി ജാതി ഗ്രൂപ്പുകൾ മാറുമെന്നത് വ്യക്തമാക്കിയത് ദേശ്പാണ്ഡെയുടെയും രാമചന്ദ്രൻ്റെയും പുതിയ ഗവേഷണമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com