'സഭ ഒരു ബില്ലിനെയും ഭയക്കുന്നില്ല, ചർച്ച് ബിൽ വന്നാൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടും'; ആർഎസ്എസിന് മറുപടിയുമായി കാതോലിക്കാബാവ

വഖഫ് ബിൽ പോലെ ചർച്ച് ബില്ലും കൊണ്ടുവരാൻ നീക്കം നടക്കുന്നതായി മാധ്യമവാർത്തകൾ കണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു കാതോലിക്കാബാവയുടെ പ്രതികരണം
'സഭ ഒരു ബില്ലിനെയും ഭയക്കുന്നില്ല, ചർച്ച് ബിൽ വന്നാൽ  കോടതിയിൽ ചോദ്യം ചെയ്യപ്പെടും'; ആർഎസ്എസിന് മറുപടിയുമായി കാതോലിക്കാബാവ
Published on

വഖഫിന് പിന്നാലെ ചർച്ച് ബിൽ കൊണ്ടുവരുമെന്ന് പറഞ്ഞ ആർഎസ്എസിന് മറുപടിയുമായി കാതോലിക്കാബാവ. സഭ ഒരു ബില്ലിനെയും ഭയക്കുന്നില്ലെന്ന് കതോലിക്കാബാവ വ്യക്തമാക്കി. അങ്ങനെ ഒരു ബിൽ വന്നാൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. അതുകൊണ്ടു തന്നെ ബില്ലിന്റെ പേരിൽ ആശങ്കപ്പെടുന്നില്ലെന്നും കതോലിക്കബാവ വ്യക്തമാക്കി.


വഖഫ് ബിൽ പോലെ ചർച്ച് ബില്ലും കൊണ്ടുവരാൻ നീക്കം നടക്കുന്നതായി മാധ്യമവാർത്തകൾ കണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു കാതോലിക്കാബാവയുടെ പ്രതികരണം. നൂറ്റാണ്ടുകളായി പീ‍ഡനങ്ങൾ സഹിച്ചാണ് സഭ വളർന്നതെന്ന് കതോലിക്കബാവ പറഞ്ഞു. പ്രീണിപ്പിക്കാനും, പീഡിപ്പിക്കാനും ചിലർക്ക് സാധിച്ചേക്കാം. പക്ഷേ ഒരു രാഷ്ട്രീയ പാർട്ടിയെയും ആശ്രയിച്ചല്ല മലങ്കരസഭ നിലനിൽക്കുന്നത്. ഏത് രാഷ്ട്രീയപാർട്ടി എതിരെ നിന്നാലും സഭയ്ക്ക് ദോഷമുണ്ടാകില്ലെന്നും പരിശുദ്ധ കാതോലിക്കാബാവാ കൂട്ടിച്ചേർത്തു.

വഖഫ് ബിൽ പാർലമെൻ്റ് പാസാക്കിയതിന് തൊട്ടു പിന്നാലെ കത്തോലിക്ക സഭയ്ക്ക് നേരെ തിരിഞ്ഞ ആർഎസ്എസ്, മുഖവാരികയായ ഓർഗനൈസറിൽ സഭയ്ക്കെതിരെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കത്തോലിക്കാ സഭ കോടിക്കണക്കിന് ഹെക്ടർ ഭൂമി അനധികൃതമായി കയ്യടക്കിവെച്ചിരിക്കുകയാണെന്ന് ആർഎസ്എസ് മുഖവാരിക ഓർഗനൈസർ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആരോപിച്ചു. രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിലൊന്ന് കത്തോലിക്കാ സഭയാണ്. മതപരിപവർത്തനത്തിൻ്റെ ഭാഗമായി അടക്കമാണ് ഇത്ര വലിയ ഭൂസ്വത്ത് സഭ സമ്പാദിച്ചതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. അത്യന്തം തീവ്രമായ അപരമത വിരോധമാണ് ലേഖനത്തിൽ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. വഖഫിനുശേഷം, ചർച്ച് ബില്ല് കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കമാണ് പുറത്തുവന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ആരോപിച്ചു. വിവാദമായതോടെ ഓർഗനൈസർ ലേഖനം പിൻവലിച്ചു.


ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂ ഉടമ കത്തോലിക്ക സഭയെന്നാണ് ആർഎസ്എസിൻ്റെ ആരോപണം. ഗവൺമെന്റ് ലാൻഡ് ഇൻഫർമേഷൻ, 2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച് വഖഫ് ബോർഡിനേക്കാൾ ഭൂമി കത്തോലിക്ക സഭയ്ക്കുണ്ടെന്ന് ഓർഗനൈസറിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു. ഇതിലേറെയും ബ്രിട്ടീഷ് കാലത്ത് സൗജന്യമായി സ്വന്തമാക്കിയതും ഗോത്രവിഭാഗങ്ങളെയടക്ക പിന്നാക്ക ജനവിഭാഗങ്ങളെ മതപരിവർത്തനം നടത്തി സംഘടിപ്പിച്ചെടുത്തതുമാണെന്ന് ഓർഗനൈസർ ആരോപിക്കുന്നു. ബ്രിട്ടീഷ് കാലത്ത് സ്വന്തമാക്കിയ ഭൂമി ഇപ്പോൾ കത്തോലിക്കാ സഭ അനധികൃതമായാണ് കൈവശം വച്ചിരിക്കുന്നതെന്നാണ് ആർഎസ്എസിൻ്റെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com