
കൊൽക്കത്തയിലെ ബലാത്സംഗക്കൊലയെ തുടർന്ന് സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൻ്റെ സാഹചര്യം,പരുക്കിൻ്റെ സ്വഭാവം, മരണകാരണം, പ്രതിക്കെതിരെ ലഭ്യമായ തെളിവുകൾ എന്നിവയെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നും, സഞ്ജയ് റോയ് മാത്രമാണ് പ്രതിയെന്നുമാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. സീൽദയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 200ഓളം പേരുടെ മൊഴികളാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ തെളിവാക്കിയാണ് സഞ്ജയ് റോയ് മാത്രമാണ് പ്രതിയെന്ന് ഉറപ്പിച്ചത്. പുലർച്ചെ 4.03 ന്,ടീ-ഷർട്ടും ജീൻസും ധരിച്ച ഇയാളുടെ ഇടതുകൈയിൽ ഹെൽമറ്റ് ഉണ്ടായിരുന്നതായും, കഴുത്തിൽ ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഇയർഫോൺ ഉണ്ടായിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്.
പിന്നീട് വാർഡിലേക്ക് പോകുന്ന ദൃശ്യവും സിസിടിവിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. കഴുത്തിലുണ്ടായിരുന്ന ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഇയർഫോണാണ് പ്രതിയിലേക്ക് നയിച്ച പ്രധാന തെളിവായി കണക്കാക്കുന്നത്. പ്രതിയുടെ മൊബൈൽ, പ്രതിയുടെ രക്തസാമ്പിൾ, എന്നിവയെല്ലാം സിബിഐ ലിസ്റ്റ് ചെയ്ത തെളിവുകളിൽ ഉൾപ്പെടുന്നു.
കുറ്റകൃത്യം നടക്കുമ്പോൾ പ്രതിയുടെ പാൻ്റിലും ചെരിപ്പിലും ഇരയുടെ രക്തം ഉണ്ടെന്ന് കണ്ടെത്തിയതായി കുറ്റപത്രത്തിലുണ്ട്. കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തിൽ നിന്ന് പ്രതിയുടെ ഉമിനീരിൻ്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ബലാത്സംഗ ശ്രമത്തിനിടെ ശ്വാസം മുട്ടിയാണ് ഡോക്ടർ മരിച്ചതെന്നും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. പ്രതിയുടെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകൾ ഇരയുടെ ചെറുത്തുനിൽപ്പിൻ്റെ അടയാളങ്ങളെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ കേസിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും , താൻ നിരപരാധിയാണെന്നും പ്രതി സഞ്ജയ് റായ് കോടതിയെ അറിയിച്ചു.