പുതിയ മാർഗനിർദേശങ്ങൾ പ്രകാരം വിജയിച്ച വിദ്യാർഥികളുടെ പേരുകളോ ഫോട്ടോകളോ രേഖാമൂലമുള്ള സമ്മതമില്ലാതെ കോച്ചിംഗ് സെൻ്ററുകൾ ഉപയോഗിക്കാൻ പാടില്ല
രാജ്യത്തെ കോച്ചിങ് സെൻ്ററുകൾക്ക് മാർഗനിർദേശവുമായി കേന്ദ്രം. വ്യാജ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനാണ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ദേശീയ ഉപഭോക്തൃ ഹെൽപ് ലൈനുകളിലൂടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
നൂറു ശതമാനം വിജയം, നൂറ് ശതമാനം ജോലി... തുടങ്ങിയ വ്യാജ പരസ്യങ്ങൾ നിയന്ത്രിക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. കോച്ചിങ് സെൻ്ററുകൾ വിദ്യാർഥികളിൽ നിന്ന് ബോധപൂർവം വിവരങ്ങൾ മറച്ചുവക്കുന്നതായാണ് കണ്ടെത്തൽ. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് ലഭിച്ച പരാതികളിൽ ഇതുവരെ 18 കോച്ചിങ് സെൻ്ററുകൾക്ക് നോട്ടീസ് നൽകുകയും 54 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ALSO READ: വിവാദങ്ങൾക്കിടെ ഇ.പി. ജയരാജൻ ഇന്ന് പാലക്കാടെത്തും; വിശദീകരണം തേടാനൊരുങ്ങി പാർട്ടി
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം വിജയിച്ച വിദ്യാർഥികളുടെ പേരുകളോ ഫോട്ടോകളോ രേഖാമൂലമുള്ള സമ്മതമില്ലാതെ കോച്ചിംഗ് സെൻ്ററുകൾ ഉപയോഗിക്കാൻ പാടില്ല. കോച്ചിങ് സെൻ്ററുകളിലെ കോഴ്സുകളെയും കാലാവധിയേയും കുറിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കാൻ പാടില്ല. ഫീസ് നിരക്കുകൾ, ഫീസ് റീഫണ്ട്, തൊഴിൽ സാധ്യത, ശമ്പളം എന്നിവയിലും വ്യാജ വാഗ്ദാനങ്ങൾ പാടില്ല. രാജ്യത്ത് 50ലേറെ വിദ്യാർത്ഥികളുള്ള എല്ലാ കോച്ചിങ് സെൻ്ററുകൾക്കും നിർദേശങ്ങൾ ബാധകമാണ്.