യുകെ, യുഎ എന്നിവിടങ്ങളിലേക്കുള്ള എംപിമാരുടെ സംഘത്തെയാണ് ശശി തരൂർ നയിക്കുക
ഒപ്പറേഷൻ സിന്ദൂർ ലോകരാജ്യങ്ങളോട് വിശദീകരിക്കാൻ എംപിമാരെ അയക്കാൻ കേന്ദ്രം. എംപിമാരുടെ ഒരു സംഘത്തെ കോൺഗ്രസ് എംപി ശശി തരൂർ നയിക്കും. യുകെ, യുഎ എന്നിവിടങ്ങളിലേക്കുള്ള എംപിമാരുടെ സംഘത്തെയാണ് ശശി തരൂർ നയിക്കുക. സംഘത്തെ നയിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണം ശശി തരൂർ സ്വീകരിച്ചു. സംഘം അടുത്തയാഴ്ച രാജ്യങ്ങൾ സന്ദർശിക്കും.
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നയതന്ത്ര നീക്കത്തിന് കോൺഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. ശശി തരൂരിന് പുറമെ ഇൻഡ്യാ മുന്നണിയിലെ വിവിധ പാർട്ടി നേതാക്കളെയും പ്രതിനിധി സംഘത്തിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിന് കോൺഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്തതായി വാർത്തകൾ വന്നതിന് പിന്നാലെയാണ് ശശി തരൂരിന് നേതൃസ്ഥാനം നൽകിയത്.
ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ധാരണയിലടക്കം പാര്‍ട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനമാണ് ശശി തരൂർ നടത്തിയത്. ഇന്ത്യാ-പാകിസ്ഥാൻ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് തവണയിലേറെ ശശി തരൂര്‍ അഭിപ്രായം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനമാണ് തരൂര്‍ നടത്തിയത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുദ്ധമുണ്ടായപ്പോള്‍ അമേരിക്കയ്ക്ക് വഴങ്ങാതിരുന്നത് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയപ്പോള്‍ ശശി തരൂര്‍ അതിനെ പരസ്യമായി തളളി രംഗത്തെത്തിയിരുന്നു. 1971ലെ ഇന്ദിരാ ഗാന്ധിയുടെയും നിലവിലെ മോദിയുടെയും നിലപാടുകളെ താരതമ്യം ചെയ്യരുതെന്ന് തരൂർ പ്രതികരിച്ചിരുന്നു.