കളക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ചന്ദ്രിക പറയുന്നു
ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചിട്ടും റവന്യൂ വകുപ്പ് രേഖകൾ ലഭിക്കാത്തതിനാൽ വീട് പണിയാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇടുക്കി കല്യാണത്തണ്ടിലെ ചന്ദ്രിക എന്ന വീട്ടമ്മ. കട്ടപ്പന മുനിസിപ്പാലിറ്റിയിൽ കല്യാണത്തണ്ട് എന്ന സ്ഥലത്ത് ഏതുനിമിഷവും തകർന്നുവീഴാവുന്ന വീട്ടിലാണ് നിലവിൽ ചന്ദ്രിക കഴിയുന്നത്. കലക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ചന്ദ്രിക പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് ഭർത്താവുമൊത്ത് കല്ലു ചുമന്ന് പണിതെടുത്തതാണ് കല്യാണത്തണ്ടിലെ വീട്. എട്ട് വർഷം മുമ്പാണ് ചന്ദ്രികയുടെ ഭർത്താവ് മരിച്ചത്. തുടർന്ന് ചന്ദ്രികയുടെ ദുരവസ്ഥ മനസിലാക്കിയ കട്ടപ്പന നഗരസഭ ലൈഫ് പദ്ധതിയിൽ വീടനുവദിച്ചു. റവന്യൂ വകുപ്പിൽ നിന്നുള്ള ഭൂമിയുടെ രേഖക്കായി അപേക്ഷ നൽകിയെങ്കിലും വർഷങ്ങളായി അതിനായി കാത്തിരിക്കുകയാണ് ചന്ദ്രിക.
ALSO READ: തവണകൾ ലംഘിച്ചാൽ പിഴ, സഹായധനം പോലും പിടിക്കും; വായനാടിൽ കടക്കെണിയിലായി ജീപ്പ് ഡ്രൈവർമാർ
വീട് ഇരിക്കുന്ന സ്ഥലം പുറമ്പോക്ക് ആണെന്നാണ് സർക്കാർ രേഖയിലുള്ളത്. അതിനാൽ ഭൂമിയുടെ രേഖ നൽകാൻ റവന്യൂ വകുപ്പ് തയാറല്ല. വർഷങ്ങളായി താമസിക്കുന്ന സ്ഥലത്തിൻ്റെ പട്ടയത്തിനായി നിരവധി തവണ കളക്ടറിനും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
മഴക്കാലത്ത് വീടിൻ്റെ മേൽക്കൂരയിലെ ചോർച്ച കൂടുമ്പോൾ നാട്ടുകാർ വാങ്ങി നൽകുന്ന പടുത മേൽക്കൂരയിൽ വിരിച്ചാണ് ചന്ദ്രിക കഴിച്ചു കൂട്ടുന്നത്. വീടിൻ്റെ ഭിത്തികളെല്ലാം വിണ്ടുകീറിയ നിലയിലാണ്. മഴ ശക്തമാകുമ്പോൾ സമീപവാസിയുടെ വീട്ടിൽ അഭയം പ്രാപിക്കുകയും പതിവാണ്. അർഹമായ ഭൂമിക്ക് രേഖ ലഭിക്കുമെന്ന പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് ചന്ദ്രിക.