"വഖഫിനും ദേവസ്വത്തിനും സമാനമായി ക്രൈസ്തവര്‍ക്കും ബോര്‍ഡ് രൂപീകരിക്കണം"; ആവശ്യവുമായി ചങ്ങനാശേരി താലൂക്ക് മഹല്ല് കമ്മിറ്റി

ഒരു സമുദായത്തെ മാത്രം ലക്ഷ്യംവെച്ച് സംഘപരിവാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ചേരിതിരിവ് മനസിലാക്കി ജനാധിപത്യ മതനിരപേക്ഷത കൂട്ടായ്മ ഒന്നടങ്കം എതിര്‍ത്തത് മുസ്ലീം സമുദായത്തിന് ആശ്വാസവും പ്രീക്ഷയും നല്‍കുന്നതാണ്.
"വഖഫിനും ദേവസ്വത്തിനും സമാനമായി ക്രൈസ്തവര്‍ക്കും ബോര്‍ഡ് രൂപീകരിക്കണം"; ആവശ്യവുമായി ചങ്ങനാശേരി താലൂക്ക് മഹല്ല് കമ്മിറ്റി
Published on


മുസ്ലീം സമുദായത്തിലെ വഖഫ് ബോര്‍ഡിനും ഹിന്ദു സമുദായത്തിലെ ദേവസ്വം ബോര്‍ഡിനും സമാനമായി ക്രിസ്ത്യന്‍ സമുദായത്തിനും പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും സംരക്ഷിക്കുന്നതിനായി ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി ചങ്ങനാശേരി താലൂക്ക് മഹല്ല് കോർഡിനേഷന്‍ കമ്മിറ്റി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയില്‍ ക്രൈസ്തവ സമുദായത്തിനും ബോര്‍ഡ് രൂപീകരിച്ച് രാജ്യത്ത് സമത്വവും സാമൂഹ്യനീതിയും നിഷ്പക്ഷതയും ഉറപ്പാക്കണമെന്നാണ് സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നതെന്ന് താലൂക്ക് മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ മുസ്ലീം വിരുദ്ധതയുടെ ഭാഗമായി കൊണ്ടു വന്ന കേന്ദ്ര വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കിയ നടപടി സ്വാഗതം ചെയ്തുകൊണ്ടായിരുന്നു മഹല്ല് കമ്മിറ്റി ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരു സമുദായത്തെ മാത്രം ലക്ഷ്യംവെച്ച് സംഘപരിവാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ചേരിതിരിവ് മനസിലാക്കി ജനാധിപത്യ മതനിരപേക്ഷത കൂട്ടായ്മ ഒന്നടങ്കം എതിര്‍ത്തത് മുസ്ലീം സമുദായത്തിന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്.


കേന്ദ്ര ബാലാവകാശ കമ്മീഷന്‍ മദ്രസ്സകള്‍ക്ക് നേരെ കൊണ്ടു വന്ന നിയന്ത്രണവും തീരുമാനങ്ങളും സുപ്രീം കോടതി സ്‌റ്റേ ചെയ്തതിലൂടെ നീതിയുടെ വെളിച്ചം നഷ്ടപ്പെട്ടിട്ടില്ല എന്നത് പ്രതീക്ഷാ ജനകമാണെന്നും താലൂക്ക് കോർഡിനേഷന്‍ കമ്മിറ്റി പറഞ്ഞു.

കേന്ദ്ര ഭരണപക്ഷ മുന്നണിയില്‍ നിന്നുള്ള രണ്ടു ഘടകക്ഷികള്‍ ഉള്‍പ്പെടെ രാജ്യത്തെ ഭൂരിപക്ഷം സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ബില്ലിനെ എതിര്‍ക്കുന്നത് ജനാധിപത്യ മതേതരത്വം രാജ്യത്ത് നിലനില്‍ക്കുന്നു എന്നുള്ളതിന്റെ തെളിവാണെന്നും താലൂക്ക് കോർഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് പി.എസ്. മുഹമ്മദ് ബഷീര്‍ സെക്രട്ടറി എസ്.എം. മുഹമ്മദ് ഫൂവാദ്, ജനറല്‍ കണ്‍വീനര്‍ എം.എസ്. നൗഷാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com