ജനുവരി 8ന് മന്ത്രി വി.എൻ. വാസവൻ്റെ സാന്നിധ്യത്തിൽ ചേർന്ന ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഫീസ് ഈടാക്കാൻ തീരുമാനിച്ചത്
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയു, വെൻ്റിലേറ്റർ ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള ആശുപത്രി വികസന സമിതിയുടെ നീക്കം വിവാദത്തിൽ. ഐസിയുവിൽ കിടക്കുന്ന രോഗികളിൽ നിന്ന് പ്രതിദിനം 500 രൂപയും വെൻ്റിലേറ്റർ രോഗികളിൽ നിന്ന് 750 രൂപയും വാങ്ങാൻ വികസന സമിതി തീരുമാനിച്ചിരുന്നു.
ജനുവരി 8ന് മന്ത്രി വി.എൻ. വാസവൻ്റെ സാന്നിധ്യത്തിൽ ചേർന്ന ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഐസിയു, വെൻ്റിലേറ്റർ രോഗികളിൽ നിന്ന് ഫീസ് ഈടാക്കാൻ തീരുമാനിച്ചത്. ജനുവരിയിൽ നടന്ന യോഗത്തിൻ്റെ മിനിറ്റ്സ് കഴിഞ്ഞ മാസം ചേർന്ന യോഗത്തിൽ വിതരണം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഐസിയു ഫീസ് ഇതിനോടകം തന്നെ രോഗികളിൽ നിന്ന് ഈടാക്കി തുടങ്ങി. വരുമാന വർധനവ് ലക്ഷ്യമാക്കിയാണ് പുതിയ തീരുമാനമെന്ന് വികസന സമിതി അധികൃതർ പറഞ്ഞു. തീരുമാനത്തിനെതിരെ കേരളാ കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
ALSO READ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാരെ കേൾക്കും; റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് വനിതാ കമ്മീഷന്‍
തൃശൂർ, ആലപ്പുഴ അടക്കമുള്ള മറ്റ് മെഡിക്കൽ കോളേജുകളിൽ ഈ ഇനത്തിൽ ഫീസ് വാങ്ങുന്നില്ല. 5 ജില്ലകളിൽ നിന്നായുള്ള രോഗികളാണ് കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നത്. ഇവിടെയെത്തുന്ന ഭൂരിഭാഗം ആളുകളും നിർധനരാണ്. നാട്ടുകാർ പിരിവെടുത്ത് കൊടുത്ത് ചികിത്സ നടത്തുന്നവരും, മരുന്ന് വാങ്ങാൻ പോലും പണം ഇല്ലാത്തവരുമാണ് കൂടുതലും. സാധാരണക്കാരെ വലയ്ക്കുന്ന തീരുമാനം പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി.