ആതുര സേവനത്തിന് മാതൃകയാകേണ്ടവർ ചെയ്തത് പീഡനം; കോട്ടയം നഴ്സിങ് കോളേജിൽ നടന്നത് കൊടുംക്രൂരതയെന്ന് കുറ്റപത്രം

ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചുവെന്നും, ദൃശ്യങ്ങൾ പകർത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു
ആതുര സേവനത്തിന് മാതൃകയാകേണ്ടവർ ചെയ്തത് പീഡനം; കോട്ടയം നഴ്സിങ് കോളേജിൽ നടന്നത് കൊടുംക്രൂരതയെന്ന് കുറ്റപത്രം
Published on

കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസില്‍ അന്വേഷണം സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഏറ്റുമാനൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവരാണ് പ്രതികൾ. നഴ്സിങ് കോളേജിൽ നടന്ന റാഗിങ്ങ് കൊടുംക്രൂരതയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ച് ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

ജൂനിയർ വിദ്യാർഥികളായ ആറ് പേരെ അഞ്ച് പ്രതികൾ ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചു. നവംബർ മുതൽ നാല് മാസമാണ് തുടർച്ചയായി പ്രതികൾ ആക്രമിച്ചത്. ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചുവെന്നും, ദൃശ്യങ്ങൾ പകർത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. റാഗിങ് പുറത്ത് പറയാതിരിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നു. ആതുര സേവനത്തിന് മാതൃകയാകേണ്ടവർ ചെയ്തത് പീഡനമാണ്. പ്രതികളായ വിദ്യാർഥികളുടെ കൈവശം മാരക ആയുധങ്ങളാണ് ഉള്ളത്. പ്രതികൾ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരകളായ വിദ്യാർഥികളിൽ നിന്നാണ് ലഹരി ഉപയോഗത്തിന് പണം സ്വരൂപിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഒരു വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസിൽ നിർണായക തെളിവായത്. പ്രതികൾ തന്നെ പകർത്തിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൊലീസ് നടത്തിയിരുന്നു. പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് റാഗിങ്ങിന്‍റെ കൂടുതൽ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. കേസിൽ 40 സാക്ഷികളും, 32 രേഖകളുമാണ് ഉള്ളത്. റാഗിങ് നടന്ന വിവരം മകൻ പുറത്തുപറഞ്ഞില്ലെന്ന് പിതാവ് ലക്ഷ്മണ പെരുമാൾ വെളിപ്പെടുത്തിയിരുന്നു. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് വീട്ടിൽ പറയാതിരുന്നതെന്ന് റാഗിങ്ങിന് ഇരയായ ലിബിൻ പറഞ്ഞു. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി ഉപദ്രവിച്ചത്. വിദ്യാർഥികളെ കോമ്പസ് ഉപയോഗിച്ച് മുറിപ്പെടുത്തുകയും സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ കെട്ടി വേദനിപ്പിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com