14 വർഷമായി അറ്റകുറ്റപ്പണിയില്ല; അപകടഭീതിയിൽ ചെങ്ങളായി - അഡൂർ തൂക്കുപാലം

14 വർഷമായി അറ്റകുറ്റപ്പണിയില്ല; അപകടഭീതിയിൽ ചെങ്ങളായി - അഡൂർ തൂക്കുപാലം

മഴക്കാലത്ത് കുത്തിയൊഴുകുന്ന വളപട്ടണം പുഴയ്ക്ക് മുകളിൽ ജീവൻ പണയം വെച്ചാണ് നൂറുകണക്കിന് ആളുകളുടെ യാത്ര
Published on

തലയ്ക്കുമേലെയല്ല, കാൽക്കീഴിലാണ് ഇവിടെ അപകടം പതിയിരിക്കുന്നത്. കണ്ണൂരിലെ ചെങ്ങളായി - അഡൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം അപകട ഭീതിയിൽ. പ്ലാറ്റ്ഫോം ഉൾപ്പെടെ തുരുമ്പെടുത്ത് തകരാൻ തുടങ്ങിയ പാലത്തിന്റെ കൈവരികളും ദ്രവിച്ച് തുടങ്ങി. കഴിഞ്ഞ 14 വർഷമായി പാലത്തിൽ ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല.

മഴക്കാലത്ത് കുത്തിയൊഴുകുന്ന വളപട്ടണം പുഴയ്ക്ക് മുകളിൽ ജീവൻ പണയം വെച്ചാണ് നൂറുകണക്കിന് ആളുകളുടെ യാത്ര. കണ്ണൂർ ജില്ലയിലെ ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് അധികൃതരുടെ ശ്രദ്ധക്കുറവ് കാരണം അപകടക്കെണിയാകുന്നത്.

2010 ലാണ് സർക്കാർ നിർദേശപ്രകാരം തോണിവഴിയുള്ള അപകടയാത്ര ഒഴിവാക്കാൻ തൂക്കുപാലം നിർമിച്ചത്. നിർമാണം പൂർത്തിയാക്കി 14 വർഷങ്ങൾ പിന്നിടുമ്പോൾ ഈ ദിവസം വരെ പാലത്തിന് ഒരു അറ്റകുറ്റപ്പണിയും ചെയ്തിട്ടില്ല. പാലത്തിന്റെ കൈവരികളും, റോപ്പും പാലവും ബന്ധിക്കാൻ ഉപയോഗിച്ച ഇരുമ്പ് കമ്പികളും തുരുമ്പെടുത്തു. ഏറ്റവും വലിയ അപകട സാധ്യത ഉയർത്തുന്നത് പ്ലാറ്റ്ഫോമിൽ പാകിയിരിക്കുന്ന ഷീറ്റുകളാണ്. ദ്രവിച്ച് തുടങ്ങിയ ഇവ തകർന്നാൽ ആളുകൾ പുഴയിലേക്ക് വീഴുന്നതിനുൾപ്പെടെ സാധ്യതയുണ്ട്

ചെങ്ങളായി ഭാഗത്ത് പാലത്തിലേക്ക് കയറാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. തകർന്ന പ്ലാറ്റ്‌ഫോമിന് പകരം നാട്ടുകാർ കവുങ്ങിന്റെ തടിയും മറ്റും ഉപയോഗിച്ചാണ് താത്കാലിക സംവിധാനം ഒരുക്കിയത്. ജില്ലാ കളക്ടറെ ഉൾപ്പെടെ കണ്ട് പ്രശ്നം അറിയിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. പുഴയ്ക്ക് കുറുകെ പുതിയ കോൺക്രീറ്റ് പാലത്തിന് ഭരണാനുമതിയായിട്ടുണ്ട്. എന്നാൽ അത് യാഥാർഥ്യമാകും വരെ ഇരുകരകളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി അങ്ങോട്ടുമിങ്ങോട്ടും പോകുന്നവരുടെ ജീവനു വിലകൽപ്പിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

News Malayalam 24x7
newsmalayalam.com