ഇടപെടലുകൾ ഏതെങ്കിലും വിധിന്യായങ്ങളെ സ്വാധീനിക്കാൻ വേണ്ടിയല്ല; ഗണേശ പൂജയില്‍ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ന്യായീകരിച്ച് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഗണപതി പൂജ കുറ്റകരമല്ലെന്നും രാഷ്ട്രീയ നേതൃത്വവും ജഡ്ജിമാരും പലവേദികളും ഒരുമിച്ച് പങ്കിടാറുണ്ടെന്നുമായിരുന്നു ബിജെപിയുടെ ന്യായീകരണം.
ഇടപെടലുകൾ ഏതെങ്കിലും വിധിന്യായങ്ങളെ സ്വാധീനിക്കാൻ വേണ്ടിയല്ല; ഗണേശ പൂജയില്‍ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ന്യായീകരിച്ച് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
Published on


ഗണേശപൂജയ്ക്ക് പ്രധാനമന്ത്രി വീട്ടിലെത്തിയതിനെ ന്യായീകരിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. പ്രധാനമന്ത്രി എത്തിയതിൽ തെറ്റില്ലെന്ന് വിരമിക്കലിനോടനുബന്ധിച്ച് ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച ചർച്ചയിൽ ചീഫ് ജസ്റിസ് അഭിപ്രായപ്പെട്ടു. എക്സിക്യൂട്ടീവിൻ്റെയും ജുഡീഷ്യറിയുടെയും തലവൻമാരുടെ കൂടിക്കാഴ്ചകൾ ഭരണപരമായ ആവശ്യങ്ങൾക്ക് പതിവാണ് . ഇടപെടലുകൾ ഏതെങ്കിലും വിധിന്യായങ്ങളെ സ്വാധീനിക്കാൻ വേണ്ടിയല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നാൽ സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുകയെന്നല്ലെന്നും ചീഫ് ജസ്റ്റിസ് ചർച്ചക്കിടെ പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നിരയിലെ ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. താൻ ഗണപതി പൂജ നടത്തിയതിൽ ചിലർക്ക് അസ്വസ്ഥതയെന്ന് അഭിപ്രായപ്പെട്ട മോദി ഗണേശ പൂജയിൽ എല്ലാവരും പങ്കെടുക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടി. സമൂഹത്തിനെ വിഭജിക്കുന്നവരാണ് ഇതിനെ എതിർക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗണപതി പൂജ കുറ്റകരമല്ലെന്നും രാഷ്ട്രീയ നേതൃത്വവും ജഡ്ജിമാരും പലവേദികളും ഒരുമിച്ച് പങ്കിടാറുണ്ടെന്നുമായിരുന്നു ബിജെപിയുടെ ന്യായീകരണം.

സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് നരേന്ദ്ര മോദിയ്ക്ക് അനുവാദം നൽകിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. ഇത്തരം പ്രവണതകൾ പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ പരിധിക്കുള്ളിൽ സർക്കാർ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന ജുഡീഷ്യറിക്ക് വളരെ മോശമായ സൂചനയാണ് നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ചീഫ് ജസ്റ്റിസിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന ഗണപതി പൂജയിലാണ് പ്രധാനമന്ത്രി സന്ദര്‍ശകനായി എത്തിയത്. ചീഫ് ജസ്റ്റിസും, ഭാര്യ കല്‍പന ദാസും ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് നൽകിയത്. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ നടന്ന ഗണപതി പൂജയില്‍ പങ്കുചേര്‍ന്നതായി അറിയിച്ച് ചിത്രങ്ങളും പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com