ദേശീയ തലത്തിലെ കോണ്‍ഗ്രസ്, ബിജെപി നയങ്ങളേയും മുഖ്യമന്ത്രി വിമർശിച്ചു
പിണറായി വിജയന്‍
വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം കിട്ടിയില്ലെങ്കിലും ദുരിതബാധിതരെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളമെന്താ ഇന്ത്യക്ക് പുറത്തുള്ളതാണോ എന്ന് പിണറായി ചോദിച്ചു. സർക്കാർ കൃത്യമായി കണക്കുകൾ കേന്ദ്രത്തിന് നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്ര നിലപാട്.
"ഇന്ത്യ കണ്ട ദുരന്തങ്ങളിൽ വലിയ ഒന്നാണ് സംഭവിച്ചത്. ചെയ്യാൻ കഴിയുന്നത് എല്ലാം സംസ്ഥാന സർക്കാർ ചെയ്തു. വയനാടിന് ശേഷം മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തമുണ്ടായി. അവരെ കേന്ദ്രം സഹായിച്ചു. അതിൽ പരാതി ഇല്ല, സഹായിക്കണം.പക്ഷെ കേരളത്തിന് സഹായം നൽകുന്നില്ല. കേരളമെന്താ ഇന്ത്യക്ക് പുറത്തുള്ളതാണോ?", പിണറായി ചോദിച്ചു.
Also Read: വയനാട് ദുരന്തം: കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ഈ മാസം 19ന് എല്‍ഡിഎഫ്, യുഡിഎഫ് ഹർത്താല്‍
ഇ.പി. ജയരാജന്‍റെ ആത്മകഥാ വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഇ.പിയെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇ.പി ജയരാജന്‍റെ പുസ്തകം മാധ്യമങ്ങൾ സൃഷ്ടിച്ച മറ്റൊരു വിവാദമാണ്. ഒരാൾ പുസ്തകം പ്രകാശനം ചെയ്യുമ്പോൾ എഴുതിയ ആൾ കൂടെ ഉണ്ടാവില്ലേയെന്നും ജയരാജൻ തന്നെ ഇത് തള്ളിയെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാർഥി സരിനെപ്പറ്റി ആത്മകഥയില്‍ പരാമർശമില്ലെന്ന് ഇ.പി പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.
"പുസ്തകം വായിക്കാനുള്ളതാണ്. അത് ആരെങ്കിലും വാട്സ്ആപ്പിൽ അയച്ചു നൽകുമോ? പുസ്തകത്തിൽ ഉള്ള കാര്യങ്ങൾ എഴുതിയിട്ട് ഇല്ലെന്നും എഴുതാൻ ഉദ്ദേശ്യം ഇല്ലെന്നും ഇപി പറഞ്ഞു. സരിന്‍ മിടുക്കനായ വ്യക്തിയാണ്. പക്ഷെ ഇ.പിക്ക് അയാളെ അറിയാമോ എന്നായിരുന്നു സംശയം. ഇ.പിയോട് സരിനെ അറിയാമോ എന്ന് ഞങ്ങൾ ചോദിച്ചു. അറിയില്ലെന്നാണ് ഇ.പി പറഞ്ഞത്, അയാളെ കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ല" , മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ കേരള പ്രഭാരിയായ പ്രകാശ് ജാവ്ദേക്കറെ ഇ.പി കാണാൻ പോയെന്നതും മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Also Read: ആത്മകഥാ വിവാദം സിപിഎം അന്വേഷിക്കേണ്ട കാര്യമില്ല, ഇ.പിയെ പാര്‍ട്ടി വിശ്വസിക്കുന്നു: എം.വി. ഗോവിന്ദന്‍
ദേശീയ തലത്തിലെ കോണ്‍ഗ്രസ്, ബിജെപി നയങ്ങളേയും മുഖ്യമന്ത്രി വിമർശിച്ചു. പ്രായോഗികമല്ലെന്ന് കണ്ടിട്ടും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ബിജെപി ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. വിഷയം നടപ്പിലാക്കണമെങ്കിൽ ഭരണഘടന ഭേദഗതി ആവശ്യമാണ്. എന്നാൽ ഭേദഗതി നടത്താനുള്ള അംഗബലം ബിജെപിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനു വർഗീയതയെ ചെറുക്കാനായില്ലെന്നും വലിയൊരു വിഭാഗം വർഗീയതയ്ക്ക് കൂട്ട് നിന്നുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറ്റൊരു വിമർശനം.
"സ്വാതന്ത്ര്യ സമരത്തിൽ നിരവധി സഖാക്കൾ ജീവൻ വെടിഞ്ഞു. പൂർണ സ്വാതന്ത്ര്യമെന്ന ആവശ്യം മുൻപോട്ട് വെച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. ദേശീയ പ്രസ്‌ഥാനത്തെ എതിർത്തത് സംഘപരിവാറാണ്. സംഘപരിവാരും ആർഎസ്എസ്സും ദേശീയ പ്രസ്ഥാനത്തിന് എതിരായിരുന്നു. ബ്രിട്ടീഷ് ഭരണം തുടരണമെന്ന് പറഞ്ഞവർ. കാലചക്രം തിരിഞ്ഞപ്പോൾ അവരാണ് ഭരിക്കുന്നത്. ഇതിന് വഴിവെച്ചത് കോണ്‍ഗ്രസാണ്. വർഗീയ വിദ്വേഷത്തിലൂടെയാണ് ആർഎസ്എസ്സും സംഘപരിവാറും വളർന്നത്. വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകളാണ് എടുക്കേണ്ടത്. കോണ്‍ഗ്രസിന് ആ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും ഈ നിലപാടാണ് എടുത്തിട്ടുള്ളത്.
സംഘപരിവാർ നിലപാടുകളാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് സംഘപരിവാറിന്‍റെ ആടയാഭരണങ്ങൾ അണിഞ്ഞു. നിലവിലെ ബിജെപിയുടെ ശക്തി കേന്ദ്രങ്ങൾ എല്ലാം നേരത്തെ കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായിരുന്നു. കോണ്‍ഗ്രസിന്‍റെ വലിയൊരു നേതൃത്വ നിര ഇപ്പോൾ ബിജെപിയുടെ ഭാഗമാണ്. വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് എടുക്കാൻ കോണ്‍ഗ്രസിന് കഴിയാത്തത് കൊണ്ടാണ് ബിജെപി വളർന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയില്‍ കൊണ്‍ഗ്രസ് എടുക്കുന്ന നിലപാടുകളെയും മുഖ്യമന്ത്രി വിമർശിച്ചു. ഹരിയാന തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ നിരീക്ഷണം.
Also Read: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം; ഇനിയും കേന്ദ്രത്തെ സമീപിക്കും: കെ.എൻ. ബാലഗോപാൽ
"മഹാശക്തി ആണെന്ന ഭാവമാണ് കോണ്‍ഗ്രസിന് വിനയായത്. കൂടെ നിർത്തേണ്ടവർ വലിയ ശക്തികൾ ആയിരിക്കില്ല പക്ഷേ അവരെ ചേർത്ത് നിർത്തിയിരുന്നേൽ വലിയ ശക്തി ആകുമായിരുന്നു. ഫലത്തിൽ കോണ്‍ഗ്രസ് പരാജയപ്പെട്ടു, ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് പാഠങ്ങൾ പഠിക്കുന്നില്ല. ഒരുമിച്ച് നിന്നിരുന്നേൽ ബിജെപിയെ നാണംകെടുത്തി പരാജയപ്പെടുത്താമായിരുന്നു," മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ മതനിരപേക്ഷ വെല്ലുവിളി നേരിടുന്നു. വർഗീയ വിദ്വേഷങ്ങൾക്ക് ബിജെപി തിരിച്ചടി നേരിടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.