'രാഷ്ട്രീയ പ്രവർത്തകർ ജയിലിൽ എത്തുമ്പോൾ, നേതാക്കൾ സന്ദർശിക്കുന്നത് സാധാരണം'; പെരിയ കേസ് പ്രതികളെ പി. ജയരാജൻ സന്ദർശിച്ചത് ന്യായീകരിച്ച് മുഖ്യമന്ത്രി

രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
'രാഷ്ട്രീയ പ്രവർത്തകർ ജയിലിൽ എത്തുമ്പോൾ, നേതാക്കൾ സന്ദർശിക്കുന്നത് സാധാരണം'; പെരിയ കേസ് പ്രതികളെ പി. ജയരാജൻ സന്ദർശിച്ചത് ന്യായീകരിച്ച് മുഖ്യമന്ത്രി
Published on

പെരിയ കേസ് പ്രതികളെ സിപിഎം നേതാവ് പി.ജയരാജൻ ജയിലിലെത്തി സന്ദർശിച്ചത് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ്രവർത്തകർ ജയിലിൽ എത്തുമ്പോൾ നേതാക്കൾ സന്ദർശിക്കുന്നത് സാധാരണമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.


രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. "വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ള പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്ന നമ്മുടെ സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല എന്നതാണ് സർക്കാർ നിലപാട്. അത് സാധ്യമാകണമെങ്കിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കണം. സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുവേണ്ടി സർക്കാർ കൈക്കൊണ്ടിട്ടുള്ള നടപടികളുമായി, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സഹകരിക്കുന്ന സമീപനമാണ് നിലവിൽ സ്വീകരിച്ചിട്ടുള്ളത്," മറുപടിയിൽ പിണറായി വിജയൻ വ്യക്തമാക്കി.

രാഷ്ട്രീയകൊലപാതകങ്ങൾക്ക് അറുതി വരുത്താൻ സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സർക്കാർ നടപടികൾ സ്വീകരിച്ചെങ്കിൽ പോലും, ചില മേഖലകളിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ട്, ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. ഇത്തരം കേസുകളിൽ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പിണറായി വിജയൻ മറുപടിയിൽ ചൂണ്ടിക്കാട്ടി.


പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ കണ്ണൂർ ജയിലിലേക്ക് മാറ്റുമ്പോഴായിരുന്നു സിപിഎം പ്രവർത്തകർ ജയിലിന് പുറത്ത് മുദ്രാവാക്യം വിളിക്കുകയും പി.ജയരാജൻ പ്രതികളെ സന്ദർശിക്കുകയും ചെയ്തത്. ഇതിന് പിന്നാലെ കാസർഗോഡ് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ്റെയും സി.എച്ച്. കുഞ്ഞമ്പു എംഎൽഎയുടേയും നേതൃത്വത്തിൽ മുഖ്യ പ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരുടെ വീടുകൾ കയറിയുള്ള സന്ദർശനവുമുണ്ടായിരുന്നു.

ജയിൽ ജീവിതം കമ്യൂണിസ്റ്റുകാ‍ർക്ക് വായിക്കാനുള്ള അവസരമാണെന്ന് പറഞ്ഞ പി. ജയരാജൻ, 'കേരളം-മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന തൻ്റെ പുസ്തകവും കുറ്റവാളികൾക്ക് കൈമാറിയിരുന്നു. രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണമെന്നാണ് സിപിഎമ്മിൻ്റെ കാഴ്ചപ്പാട്. കഴിഞ്ഞ എട്ടര വ‍ർഷത്തെ എൽഡിഎഫ് ഭരണകാലത്ത് പൊതുവേ സംസ്ഥാനത്ത് വർ​ഗീയ സംഘർഷങ്ങളില്ലാത്ത സമാധാനാന്തരീക്ഷമാണ്. അത് നിലനി‍ർത്തണം. പെരിയ കേസിലെ വിധി അന്തിമമല്ല. നിയമപരമായി മുന്നോട്ട് പോകാനുള്ള അവസരം അവ‍ർക്കുണ്ടെന്നും പി. ജയരാജൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com