"പൊലീസ് നടപടിയെ ഗൗരവമായി കണ്ടു. തെറ്റായത് സംഭവിച്ചു എന്നതു കൊണ്ട് നടപടി സ്വീകരിച്ചു"
പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദുവിനെ മാനസിക- ശാരീരിക പീഡനത്തിന് ഇരയാക്കിയതിൽ സംഭവിച്ചത് തെറ്റാണെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു, പരാതി ലഭിച്ചയുടൻ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവാൻ പാടില്ലാത്തതാണ് ഉണ്ടായത്. യുവതി സംഭവത്തിൽ പരാതി നൽകിയിരുന്നു, അത് പരിശോധിച്ചു. പൊലീസ് നടപടിയെ ഗൗരവമായി കണ്ടു. തെറ്റായത് സംഭവിച്ചു എന്നതു കൊണ്ട് നടപടി സ്വീകരിച്ചു. എന്നാൽ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു ഇടപെടാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിന്ദുവിനെ മാനസിക- ശാരീരിക പീഡനത്തിന് ഇരയാക്കിയതിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചു. തെറ്റ് ആര് ചെയ്താലും കർശന നടപടി സ്വീകരിക്കുമെന്നും, തെറ്റായ പ്രവണത വെച്ചു പൊറുപ്പിക്കില്ലെന്നും, പാർട്ടിയും സർക്കാരും അവരെ സംരക്ഷിക്കില്ലെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.
ഏപ്രിൽ 23നാണ് മോഷണക്കുറ്റം ചുമത്തി ബിന്ദുവിനെ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജോലി ചെയ്ത വീട്ടിലെ ഉടമയുടെ മാല നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. മോഷ്ടിച്ചില്ലെന്ന് ബിന്ദു തറപ്പിച്ച് പറഞ്ഞെങ്കിലും, ചീത്തവിളികളാണ് മറുപടിയായി കിട്ടിയതെന്നും ബിന്ദു പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സ്റ്റേഷനിൽ മാനസിക-ശാരീരിക പീഡനമാണ് അനുഭവിക്കേണ്ടി വന്നത്. ഭക്ഷണമോ വെള്ളമോ നൽകാതെ ഒരു രാത്രി മുഴുവൻ പൊലീസ് ബിന്ദുവിനെ കസ്റ്റഡിയിൽ വെച്ചു. വെള്ളം ചോദിച്ചപ്പോൾ ബാത്ത്റൂമിൽ പോയി കുടിക്കാൻ പറഞ്ഞുവെന്നും തുടങ്ങിയ വിവരങ്ങൾ ബിന്ദു വിവരിച്ചിരുന്നു.
ബിന്ദുവിനെതിരെയുള്ള കള്ളപരാതി കൊടുക്കാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി പറഞ്ഞു. പൊലീസ് എങ്ങനെ ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തു എന്ന കാര്യവും അന്വേഷിക്കണമെന്നും സതീദേവി അറിയിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡിവൈഎസ്പി കേസന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.