ചോദ്യം വിവരാവകാശ നിയമപരിധിയിൽ വരുന്നതല്ല; എഡിഎമ്മിനെതിരെ പരാതി എന്നതിൽ വ്യക്തത വരുത്താതെ മുഖ്യമന്ത്രിയുടെ ഓഫീസ്

മുസ്ലീം ലീഗ് ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ. എ. ഖാദർ നൽകിയ വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി നൽകാതിരുന്നത്
ചോദ്യം വിവരാവകാശ നിയമപരിധിയിൽ വരുന്നതല്ല; എഡിഎമ്മിനെതിരെ പരാതി എന്നതിൽ വ്യക്തത വരുത്താതെ മുഖ്യമന്ത്രിയുടെ ഓഫീസ്
Published on


അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ ടി.വി. പ്രശാന്ത് കൈക്കൂലി പരാതി നൽകിയോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ മുഖ്യമന്ത്രിയുടെ ഓഫീസ്. മുസ്ലീം ലീഗ് ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ നൽകിയ വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി നൽകാതിരുന്നത്.

നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദ പെട്രോൾ പമ്പുടമ പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകി എന്ന് പറയപ്പെടുന്ന കൈക്കൂലി ആരോപണ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു മുസ്ലീം ലീഗ് ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദറിന്റെ ചോദ്യം. ചോദ്യത്തിൽ പരാതി നൽകിയ കൃത്യമായ കാലയളവ് പരാമർശിക്കാത്തതിനാൽ മറുപടി നൽകാൻ കഴിയില്ല എന്നായിരുന്നു പ്രതികരണം.

പരാതി ലഭിച്ചിട്ടില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ, ഉണ്ടെങ്കിൽ അതിൽ നടപടി എടുത്തോ എന്നീ ചോദ്യങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടിയിൽ വ്യക്തമാക്കി. പ്രശാന്ത്‌ പരാതി നൽകി എന്ന് പറയുന്ന തീയതിയുൾപ്പെടെ വെച്ച് വരും ദിവസം വീണ്ടും അപേക്ഷ നൽകുമെന്ന് ടി.എൻ.എ. ഖാദർ പറഞ്ഞു.

അതേസമയം, നവീൻ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂർ കളക്ടർ അരുൺ കെ. വിജയനിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തു. ‘തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തേ പുറത്തുവന്നിരുന്നു. ഇതിൽ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ സംഘത്തിനു മുന്നില്‍ കളക്ടർ ആദ്യത്തെ മൊഴി ആവർത്തിച്ചു എന്നാണ് വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com