
തിരുവനന്തപുരത്ത് വീണ്ടും പിഞ്ചുകുഞ്ഞിനോട് ക്രൂരത. സ്വകാര്യ സ്കൂൾ അധ്യാപിക നാലു വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചതായി കുടുംബം പരാതി നൽകി. ഇത് പുറത്തു പറയാതിരിക്കാൻ അധ്യാപിക കുഞ്ഞിനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പുറത്തുവന്നതോടെ അധ്യാപികക്കെതിരായ തെളിവുകൾ ശക്തമായിരിക്കുകയാണ്.
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് സ്വകാര്യഭാഗത്തെ മുറിവ് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ കുഞ്ഞുമായി സ്കൂളിൽ എത്തിയപ്പോൾ അധ്യാപിക കുറ്റം നിഷേധിച്ചു. തുടർന്ന് സ്കൂൾ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് ക്രൂരതയുടെ തെളിവ് പുറത്തെത്തിയത്. എന്നാൽ അധ്യാപികക്കെതിരെ നടപടി സ്വീകരിക്കാതെ സ്കൂൾ അധികൃതർ മരുന്നുവാങ്ങി നൽകി മടക്കിയയച്ചെന്നും കുടുംബം ആരോപിക്കുന്നു.
തിരുവനന്തപുരം ശിശുക്ഷേമസമിതിയിൽ കിടക്കയിൽ മൂത്രം ഒഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ച വാർത്ത പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷമാണ് തലസ്ഥാനനഗരിയിലെ പുതിയ സംഭവം. കുട്ടിയെ സ്ഥിരമായി പരിപാലിച്ചിരുന്ന മറ്റ് രണ്ട് ആയമാർ ഈ വിവരം മറച്ചുവയ്ക്കുകയും ചെയ്തിരുന്നു. കുട്ടിയെ സ്ഥാപനത്തിലെ മറ്റ് ജീവനക്കാർ പരിപാലിക്കാനായി എടുത്തപ്പോഴാണ് മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇവർ സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ ശിശുക്ഷേമ സമിതി വിവരം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.