രാജ്യത്ത് കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ രക്ഷിതാക്കളുടെ അനുമതി വേണ്ടി വരും; കരട് രേഖ പുറത്തിറക്കി

കുട്ടിയുടെ വ്യക്തിഗത ഡാറ്റകള്‍ പ്രൊസസ് ചെയ്യുന്നതിന് മുമ്പ് രക്ഷിതാവിന്റെ സമ്മതം ഉറപ്പ് വരുത്തും
രാജ്യത്ത് കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ രക്ഷിതാക്കളുടെ അനുമതി വേണ്ടി വരും; കരട് രേഖ പുറത്തിറക്കി
Published on

രാജ്യത്ത് പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ രക്ഷിതാക്കളുടെ സമ്മതം ആവശ്യമായി വന്നേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമങ്ങളുടെ കരട് പുറത്തിറക്കി.

കുട്ടിയുടെ വ്യക്തിഗത ഡാറ്റകള്‍ പ്രൊസസ് ചെയ്യുന്നതിന് മുമ്പ് രക്ഷിതാവിന്റെ സമ്മതം ഉറപ്പ് വരുത്തും. അതിനായി പ്രത്യേക സാങ്കേതികവിദ്യകള്‍ നടപ്പിലാക്കും. ലംഘനങ്ങള്‍ക്കുള്ള ശിക്ഷാനടപടികള്‍ ഡ്രാഫ്റ്റില്‍ പരാമര്‍ശിക്കുന്നില്ല. വിഷയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച കരട് ചട്ടങ്ങള്‍ പുറത്തിറക്കി.

mygov.in എന്ന വെബ്സൈറ്റിലൂടെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. കരട് ചട്ടങ്ങള്‍ ഫെബ്രുവരി 18 നു ശേഷം പരിഗണിക്കുമെന്നാണ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രക്ഷിതാവിന്റെ പ്രായം സര്‍ക്കാര്‍ രേഖകള്‍ വഴിയോ ഡിജിലോക്കര്‍ വഴിയോ സമൂഹമാധ്യമങ്ങള്‍ പരിശോധിക്കണമെന്നാണ് കരടുവ്യവസ്ഥ. വിദ്യാഭ്യാസ, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കുന്നതിന് ഇളവ് നല്‍കും.

രക്ഷിതാവിന്റെ അനുമതി പത്രം പരിശോധിച്ച് ഉറപ്പുവരുത്താന്‍ സാധിക്കുന്ന രീതിയിലായിരിക്കും. നിലവില്‍ കുട്ടികള്‍ക്ക് സ്വന്തം നിലയില്‍ അക്കൗണ്ട് ആരംഭിക്കാനുള്ള അവസരം പുതിയ ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ ഇല്ലാതാകും. സാമൂഹമാധ്യമങ്ങളിലൂടെ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും ഡാറ്റാ ദുരുപയോഗവും തടയുകയാണ് പുതിയ കരടിന്റെ ലക്ഷ്യം. രക്ഷിതാക്കളുടെ അനുമതി ലഭിച്ചാലും ഈ ഡാറ്റ കുട്ടികള്‍ക്ക് ഒരുതരത്തിലും ദോഷം ചെയ്യുന്ന രീതിയിൽ ഉപയോഗിക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com