സംഭവത്തിൽ പൊലീസിനോട് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്
കണ്ണൂർ ചെറുപുഴയിൽ എട്ടുവയസുകാരിയെ അച്ഛൻ മർദിച്ച സംഭവത്തിൽ സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ പ്രതിനിധികൾ ചെറുപുഴയിലെത്തും. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അച്ഛനെതിരെ കേസെടുക്കാൻ റൂറൽ എസ്പി നിർദേശം നൽകിയിരുന്നു. പിന്നാലെ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. അമ്മയേയാണോ അച്ഛനെയാണോ ഇഷ്ടമെന്ന് ചോദിച്ചാണ് കുട്ടിയെ മർദിക്കുന്നത്. അടിക്കരുതെന്ന് കുട്ടി കരഞ്ഞു പറയുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. അരിവാൾ കാണിച്ചാണ് കുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും അകന്നു കഴിയുകയാണ്.
ALSO READ: കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ വല പണിക്കാരൻ വെട്ടേറ്റ് മരിച്ചനിലയിൽ
ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ പ്രാങ്ക് വീഡിയോ ആണെന്നാണ് പൊലീസിന് നൽകിയ വിശദീകരണം. അമ്മ തിരിച്ചുവരാനായാണ് പ്രാങ്ക് വീഡിയോ എടുത്തതെന്നാണ് കുട്ടികളും പറയുന്നത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. കുട്ടികൾ എന്തുകൊണ്ടാണ് ഇങ്ങനെ മൊഴി നൽകിയതെന്ന് ചോദിച്ച് മനസിലാക്കുമെന്നും പയ്യന്നൂർ ഡിവൈഎസ്പി പറഞ്ഞു. നിലവില്‍ അച്ഛൻ്റെ സഹോദരിയോടൊപ്പമാണ് രണ്ട് കുട്ടികളുമുള്ളത്.