കാലാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളും ശാരീരിക, മാനസിക ക്ഷീണവും ബുദ്ധിമുട്ടും കുട്ടികളുടെ ബൗദ്ധികശേഷിയെ ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍
മാനസികവും ശാരീരികവുമായ അവസ്ഥാന്തരങ്ങള്‍ കുട്ടികളുടെ ബൗദ്ധിക വികാസത്തെയും, പഠനത്തെയുമൊക്കെ പല തരത്തില്‍ ബാധിക്കാറുണ്ട്. അതുപോലെയാണ് കാലാവസ്ഥയും അതിലുണ്ടാകുന്ന മാറ്റങ്ങളും. മഴ, വെള്ളപ്പൊക്കം, കനത്ത തണുപ്പ്, കൊടും ചൂട് പോലുള്ള സാഹചര്യങ്ങള്‍ കുട്ടികളുടെ അധ്യയനം നഷ്ടപ്പെടുത്തുന്ന സ്ഥിതിയുണ്ട്. സാമ്പത്തികമോ, സാമൂഹികമോ ആയി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരുടെ സ്കൂള്‍ വിദ്യാഭ്യാസത്തെ അത് സാരമായി ബാധിക്കാറുണ്ടെന്നും യുനിസെഫ് പറയുന്നു.
യുനിസെഫിൻ്റെ കണക്ക് പ്രകാരം, 2024ല്‍ 85 രാജ്യങ്ങളിലായി 24 കോടി കുട്ടികളുടെ അധ്യയനത്തെയാണ് പ്രതികൂല കാലാവസ്ഥ ബാധിച്ചത്. കൂടാതെ, ലോകത്ത് ഏഴിൽ ഒരു വിദ്യാർഥിക്ക് കാലാവസ്ഥ മൂലം പഠനം. തടസപ്പെട്ടു. ഉഷ്ണതരംഗവും പ്രളയവും അഫ്ഗാനിസ്ഥാനിലെ 110 സ്കൂളുകളെയാണ് ഇല്ലാതാക്കിയത്. ബംഗ്ലാദേശിൽ മൂന്നര കോടി വിദ്യാർഥികളെയാണ് അത് ബാധിച്ചത്.
എൽ നിനോ പ്രതിഭാസം ആഫ്രിക്കന്‍ രാജ്യങ്ങളെ കടുത്ത വരൾച്ചയിലേക്കാണ് തള്ളിവിട്ടത്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പഠനമാണ് അത് തടസ്സപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ ആഞ്ഞടിച്ച യാഗി ചുഴലിക്കാറ്റ് കിഴക്കനേഷ്യയിലെയും പസിഫിക്കിലെയും 160 ലക്ഷം കുട്ടികളെ ബാധിച്ചു.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആഞ്ഞടിച്ച ചിഡോ ചുഴലിക്കാറ്റും, പിന്നാലെയെത്തിയ ഡിക്കേലെഡി ചുഴലിക്കാറ്റും ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് അധീനതയിലുള്ള മയോട്ട് ദ്വീപില്‍ ആറ് ആഴ്ചയോളം സ്കൂളുകള്‍ അടഞ്ഞുകിടക്കുന്നതിന് വഴിവെച്ചു. ചിഡോ ചുഴലിക്കാറ്റിൽ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ 330 സ്കൂളുകൾ തകർന്നു. പശ്ചിമേഷ്യ മുതൽ തെക്കുകിഴക്കൻ ഏഷ്യ വരെ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. ഇന്ത്യ, ബംഗ്ലാദേശ്, കംബോഡിയ, ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ് രാജ്യങ്ങളിലായി 12 കോടിയോളം കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസത്തെയാണ് അത് ബാധിച്ചത്.
ഇന്ത്യയിലെ സ്ഥിതിയും വിഭിന്നമല്ല. യുനിസെഫിന്റെ ചില്‍ഡ്രന്‍സ് ക്ലൈമറ്റ് റിസ്ക് ഇന്‍ഡെക്സില്‍ 163ല്‍ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 26മതാണ്. രാജ്യത്ത് 5 കോടി കുട്ടികളെ ഊഷ്ണ തരംഗം മാത്രം ബാധിച്ചിട്ടുണ്ട്. രൂക്ഷവും നീണ്ടുനില്‍ക്കുന്നതുമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ പ്രകടമാണെന്ന് യുനിസെഫ് പറയുന്നു. കടുത്ത ചൂടിനെത്തുടര്‍ന്ന് ഉത്തര്‍ പ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങള്‍ വേനലവധി നീട്ടിയിരുന്നു. വായു മലിനീകരണമാണ് ഡല്‍ഹിയെ വലച്ചത്. കടുത്ത പൊടിയും മഞ്ഞും കാരണം സ്കൂളുകള്‍ ആഴ്ചകളോളം അടഞ്ഞുകിടന്നു.
ALSO READ: പുകയില: ഔഷധം ടു ലഹരി
മേഘാലയ, അസം തുടങ്ങി തമിഴ്നാട്, കര്‍ണാടക, കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ വലച്ചത് മഴയും വെള്ളപ്പൊക്കവുമാണ്. അങ്കണവാടികള്‍ മുതല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കടുത്ത നാശനഷ്ടങ്ങളുമുണ്ടായി. പാഠപുസ്തകങ്ങള്‍, യൂണിഫോം, പഠനസാമഗ്രികള്‍ തുടങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ വരെ നഷ്ടപ്പെട്ടവയുടെ കൂട്ടത്തിൽ പെടുന്നു. വീടും സമ്പാദ്യവുമൊക്കെ നഷ്ടപ്പെട്ടതിനൊപ്പം, രോഗങ്ങളും കൂടി എത്തിയതോടെ, കുട്ടികളുടെ പഠനം പലപ്പോഴായി മുടങ്ങി.
കേരളവും ഇതില്‍ നിന്നൊന്നും ഒഴിഞ്ഞുനില്‍ക്കുന്നില്ല. മഴക്കാലം, രോഗകാലവും. സ്കൂളുകള്‍ക്ക് അവധിക്കാലവുമാണ്. മഴയും വെള്ളപ്പൊക്കവുമൊക്കെ പല തരത്തില്‍ കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തെ ബാധിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം വയനാട് ഉണ്ടായ പ്രളയവും മണ്ണിടിച്ചിലും അതിന് ഉദാഹരണമാണ്. ആ കെടുതികളില്‍ നിന്നെല്ലാം കേരളം പുറത്തുകടക്കുന്നതേയുള്ളൂ.
ഊഷ്ണതരംഗം, വെള്ളപ്പൊക്കം, അന്തരീക്ഷ മലിനീകരണം പോലുള്ള സ്ഥിതിവിശേഷം, അധ്യയനം തടസപ്പെടുത്തുന്നതിനൊപ്പം, വിദ്യാഭ്യാസപരമായ അസമത്വവും സൃഷ്ടിക്കുന്നുണ്ട്. വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാകുന്നു എന്നതാണ് ആദ്യ പ്രശ്നം. അത് വിദ്യാർഥികളുടെ വൈജ്ഞാനികവും അക്കാദമികവുമായ വികാസത്തെ തളര്‍ത്തുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ പ്രശ്നമെന്നും യുനിസെഫ് ചൂണ്ടിക്കാട്ടുന്നു.