24 കാരനായ പാൻ തുടർച്ചയായി 10 മണിക്കൂറിലധികം ഭക്ഷണം കഴിക്കുന്നതടക്കമുള്ള ചലഞ്ചുകളിൽ പങ്കെടുത്തിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പലതരത്തിലുള്ള ചലഞ്ചുകൾ സ്വീകരിക്കുന്നവരാണ് വ്ളോഗർമാർ. സമൂഹമാധ്യമങ്ങളിൽ കിട്ടുന്ന പ്രശസ്തിക്കും അംഗീകാരങ്ങൾക്കും വേണ്ടി പലരും ജീവൻ തന്നെ പണയപ്പെടുത്തി സാഹസികമായ കാര്യങ്ങൾ ചെയ്യാറുണ്ട്. അത്തരം സാഹസങ്ങൾ പലതും അപകടത്തിൽ ചെന്നെത്താറുമുണ്ട്. ഇപ്പോഴിതാ അതുപോലൊരു ദുരന്തവാർത്തയാണ് ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.
ചൈനീസ് വ്ളോഗറായ പാൻ സിയോട്ടിംഗ് ആണ് ലൈവായി ഭക്ഷണം കഴിക്കുന്ന ചലഞ്ചിനിടെ അമിതമായ അളവിൽ കഴിച്ച് മരിച്ചത്. ജൂലൈ 14 നാണ് സംഭവം നടന്നത്. ചൈനയിലെ പ്രദേശിക മാധ്യമമായ ഹാൻക്യൂങ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പാനിൻ്റെ വയറിനുള്ളിലും, മറ്റ് ആന്തരികാവയവങ്ങളിലും ദഹിക്കാത്ത ഭക്ഷണ പദാർത്ഥങ്ങൾ വളരെയധികം ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
24 കാരനായ പാൻ തുടർച്ചയായി 10 മണിക്കൂറിലധികം ഭക്ഷണം കഴിക്കുന്നതടക്കമുള്ള ചലഞ്ചുകളിൽ പങ്കെടുത്തിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ നേരവും 10 കിലോ ഭക്ഷണം വരെ പാൻ കഴിച്ചിരുന്നതായാണ് വിവരം. വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും മുന്നറിയിപ്പ് അവഗണിച്ചും അയാൾ തൻ്റെ ഭക്ഷണ രീതി തുടർന്നിരുന്നതതായും പറയുന്നുണ്ട്.
പാനിന് സംഭവിച്ച അസാധാരണ മരണം സോഷ്യൽ മീഡിയിയിൽ നിരവധി ചർച്ചകൾ ഉയർത്തിയിട്ടുണ്ട്. അനാരോഗ്യകരമായ ഭക്ഷണ രീതികളേയും, ഭക്ഷണം ഉപയോഗിച്ചുള്ള ചലഞ്ചുകളേയുമെല്ലാം പലരും ചോദ്യം ചെയ്തിരിക്കുന്നതായും കമൻ്റുകളിൽ കാണാം. സോഷ്യൽ മീഡിയയിൽ ലൈക്കുകളും ജനപ്രീതിയും നേടുന്നതിനായി ആളുകൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി അപകടകരമായ വീഡിയോകൾ എടുക്കുന്നത് ഇപ്പോൾ പതിവാണ്.