പരീക്ഷണത്തിനിടെ അബദ്ധത്തിൽ കുതിച്ചു പൊങ്ങി ചൈനീസ് റോക്കറ്റ്; താഴെ പതിച്ചത് തീഗോളമായി

മധ്യ ചൈനയിലെ ഗോങ്‌യി നഗരത്തിലെ ഒരു കുന്നിൻ പ്രദേശത്താണ് റോക്കറ്റ് പതിച്ചത്
പരീക്ഷണത്തിനിടെ അബദ്ധത്തിൽ കുതിച്ചു പൊങ്ങി ചൈനീസ് റോക്കറ്റ്; താഴെ പതിച്ചത് തീഗോളമായി
Published on

പരീക്ഷണത്തിനിടെ അബദ്ധത്തിൽ വിക്ഷേപിച്ച ചൈനീസ് ബഹിരാകാശ റോക്കറ്റ് ടിയാൻലോങ്-3 തകർന്നു വീണതായി റിപ്പോർട്ട്. മധ്യ ചൈനയിലെ ഗോങ്‌യി നഗരത്തിലെ ഒരു കുന്നിൻ പ്രദേശത്താണ് റോക്കറ്റ് പതിച്ചത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ബീജിംഗ് ടിയാൻബിംഗ് അറിയിച്ചു. എന്നാൽ ചിന്നി ചിതറിയ റോക്കറ്റ് ചെറിയ തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നും, തീ പൂർണമായും അണച്ചതായും കമ്പനി വ്യക്തമാക്കി.

സ്പേസ് പയനിയർ എന്നറിയപ്പെടുന്ന സ്വകാര്യ ബഹിരാകാശ കമ്പനിയായ ബീജിങ് ടിയാൻബിങ് ആണ് ടിയാൻലോങ്-3 നിർമിച്ചത്. റോക്കറ്റ് ബോഡിയും ടെസ്റ്റ് പ്ലാറ്റ്‌ഫോമും തമ്മിലുള്ള ബന്ധത്തിൻ്റെ ഘടനാപരമായ പരാജയമാണ് റോക്കറ്റ് അബദ്ധത്തിൽ വിക്ഷേപിക്കാൻ കാരണമായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കഴിഞ്ഞ അഞ്ച് വർഷമായി ചൈനയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സ്വകാര്യ റോക്കറ്റ് നിർമ്മാതാക്കളാണ് സ്പേസ് പയനിയർ. അവർ നിർമ്മിച്ച ടിയാൻലോംഗ്-3, സ്കൈ ഡ്രാഗൺ 3 എന്നീ റോക്കറ്റുകൾ പുനരുപയോഗിക്കാവുന്നവയാണ്. വിക്ഷേപണത്തിന് ശേഷം ചൈനയിൽ റോക്കറ്റ് അവശിഷ്ടങ്ങൾ വീഴുന്നത് പതിവാണ്. എന്നാൽ രാജ്യത്ത് ആദ്യമായാണ് പരീക്ഷണത്തിനിടെ ഒരു റോക്കറ്റ് തകർന്ന് വീഴുന്നത്.

അതേസമയം ചന്ദ്രനിൽ പരിവേഷണം നടത്തിയ ചൈനയുടെ Chang'e-6 ചാന്ദ്ര പേടകം കഴിഞ്ഞ ആഴ്ചയാണ് മടങ്ങി എത്തിയത്. ചന്ദ്രൻ്റെ ദക്ഷിണധ്രുവമായ ഇരുണ്ട മേഖലയിൽ നിന്നും മണ്ണും പാറയും ഉൾപ്പെടുന്ന സാമ്പിളുകൾ കൊണ്ടുവരുന്ന ആദ്യത്തെ രാജ്യമായി ഇതോടെ ചൈന മാറി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com