ചേർത്തുപിടിച്ച് കേരളം; ശ്രുതി വയനാട് കളക്ടറേറ്റിൽ ജോലിയിൽ പ്രവേശിച്ചു

റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് സർക്കാർ ജോലി നൽകിയിരിക്കുന്നത്
ചേർത്തുപിടിച്ച് കേരളം; ശ്രുതി വയനാട് കളക്ടറേറ്റിൽ ജോലിയിൽ പ്രവേശിച്ചു
Published on


ചൂരൽമല ഉരുൾപൊട്ടലിൽ 9 കുടുംബാംഗങ്ങളേയും അധികം വൈകാതെ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് സർക്കാർ ജോലി നൽകിയിരിക്കുന്നത്. ജോലിയിൽ പ്രവേശിച്ച ശ്രുതിക്ക് അഭിനന്ദനങ്ങളുമായി നേതാക്കളും പ്രമുഖരുമെത്തി.


ശ്രുതിയുടെ താൽപര്യം കണക്കിലെടുത്ത് വയനാട് കളക്ടറേറ്റിൽ തന്നെയാണ് നിയമനം നൽകിയിരിക്കുന്നത്. നിലവിൽ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ ഒരു സർക്കാർ ജോലി ശ്രുതി അതിയായി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.

പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കവെയാണ് ചൂരൽമലയിൽ നടുക്കുന്ന പ്രകൃതി ദുരന്തമുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. കുടുംബത്തിലെ 9 പേരാണ് അന്ന് ഒരുമിച്ച് മരണത്തിലേക്ക് ഒഴുകിപ്പോയത്. ദുരന്തങ്ങളിൽ നിന്ന് കരകയറിയെന്ന് തോന്നിച്ച ഘട്ടത്തിൽ നിനച്ചിരിക്കാതെ അടുത്ത ദുരന്തവുമെത്തി. വാഹനാപകടത്തില്‍ പ്രതിശ്രുത വരൻ ജെൻസൺ മരിച്ചു.

ഈ അപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ് സാരമായി പരുക്കേറ്റ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. അപകടത്തിലേറ്റ പരുക്കിൽ നിന്ന് പതിയെ കരകയറുകയാണ് ശ്രുതി. ഊന്നുവടിയുടെ സഹായത്തോടെ നടക്കാൻ സാധിക്കുന്ന അവസ്ഥയിലാണ് ശ്രുതിയിപ്പോൾ. മാസങ്ങള്‍ നീളുന്ന വിശ്രമം കൊണ്ട് മാത്രമേ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ അവൾക്ക് സാധിക്കുകയുള്ളൂ.

ആരുമില്ലാതായ ശ്രുതിക്ക് ചാലക്കുടി സ്വദേശികളായ ഡെനിഷ് ഡേവിസ്, ഇനോക്ക് ജോസഫ് ആൻ്റണി എന്നിവർ വീടും നിർമിച്ച് നൽകുന്നുണ്ട്. വയനാട് പൊന്നടയിൽ പതിനൊന്നര സെൻ്റ് ഭൂമിയിൽ 1,500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് ശ്രുതിക്കായി നിർമിക്കുന്നത്.

ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പ്പെടെ കുടുംബത്തിലെ ഒന്‍പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായിരുന്നതിനാല്‍ ശ്രുതി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉറ്റവരെല്ലാം നഷ്ടപ്പെട്ടതോടെ 10 വര്‍ഷമായി കൂടെയുള്ള പ്രതിശ്രുത വരന്‍ ജെന്‍സണ്‍ മാത്രമായിരുന്നു ശ്രുതിക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനുള്ള കൈത്താങ്ങായി നിന്നത്. എന്നാല്‍, ജെന്‍സണും വാഹനാപകടത്തില്‍ മരിച്ചതോടെ ശ്രുതി ജീവിതത്തിൽ പൂ‍ർണമായും ഒറ്റപ്പെട്ടിരുന്നു.

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരു മാസം മുന്‍പ് ശ്രുതിയുടെയും ജെന്‍സന്റെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നു തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. വിവാഹത്തിനായി സ്വരുക്കൂട്ടി വെച്ചിരുന്നതെല്ലാം ഉരുള്‍പൊട്ടലില്‍ നഷ്ടമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com