
ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതയ്ക്ക് ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഭീഷണി. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. ഉടൻ പണം തിരിച്ചടച്ചില്ലെങ്കിൽ കേസ് കൊടുക്കുമെന്നാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ നിലപാട്. ചൂരൽമല സ്വദേശി രമ്യക്കാണ് സ്വകാര്യ ധനകാര്യ സ്ഥാപനം ഭീഷണി സന്ദേശമയച്ചത്. 75,000 രൂപയുടെ വായ്പയിൽ ഇനി തിരിച്ചടയ്ക്കാനുള്ളത് 17000 രൂപയാണ്. വായ്പ തിരിച്ചടയ്ക്കാൻ നിരന്തരം ഭീഷണി നേരിടുന്നുവെന്നാണ് രമ്യ പറയുന്നത്.
വയനാട് ഉരുൾപൊട്ടലിൽ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്ത ദുരന്തബാധിതർക്കെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിക്ക് (എസ്‌എൽബിസി) നിർദേശം നൽകാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുന്നത് വരെ നടപടികൾ സ്വീകരിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. മുഖ്യമന്ത്രി സംസ്ഥാനതല ബാങ്കുകളുടെ അസോസിയേഷനുമായി യോഗം ചേർന്നിട്ടുണ്ടെന്നും വായ്പ എഴുതിത്തള്ളാൻ കഴിയുന്ന മേഖലകൾ കണ്ടെത്തിയിട്ടുണ്ടെന്നുമാണ് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ എ.ആർ.എൽ. സുന്ദരേശൻ കോടതിയെ അറിയിച്ചത്. ഈ റിപ്പോർട്ട് ദേശീയതല കമ്മിറ്റിക്ക് സമർപ്പിക്കും. ഈ കമ്മിറ്റിയുടെ അഭിപ്രായം കേട്ട ശേഷമായിരിക്കും കേന്ദ്രം തീരുമാനമെടുക്കുക.