
വീണ്ടുമൊരു ദുരന്ത വാര്‍ത്ത കേട്ടാണ് കേരളം ഇന്ന് ഉണര്‍ന്നത്. വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി അറിയാന്‍ അധിക നേരം വേണ്ടി വന്നില്ല. നിരവധിയാളുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തിയും കൂട്ടി. രണ്ട് തവണയാണ് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടിയത്. ആദ്യത്തേതിന്റെ ആഘാതം മാറുന്നതിനു മുമ്പേ നാല് മണിയോടെ വീണ്ടും മണ്ണിടിഞ്ഞു. ചൂരല്‍മല പാലം ഒലിച്ചു പോയതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു.
നേരം പുലര്‍ന്നതോടെ, നിലമ്പൂര്‍ പോത്തുകല്‍ ഭാഗത്ത് ചാലിയാര്‍ പുഴയിലൂടെ ഒഴുകിയെത്തുന്ന മൃതദേഹങ്ങള്‍ ഉള്ളുലയ്ക്കുന്ന കാഴ്ച്ചയായി. കുഞ്ഞുങ്ങളും സ്ത്രീകളുടേയും അടക്കം മൃതദേഹങ്ങളാണ് പുഴയിലൂടെ ഒഴുകിയെത്തിയത്. മണ്ണില്‍ പുതഞ്ഞ നിലയിലും മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തി. 2019 ലെ കവളപ്പാറ ദുരന്തം ഓര്‍മിപ്പിക്കുന്ന കാഴ്ച്ചയാണ് ഇന്ന് വീണ്ടും മലയാളിക്ക് ഓര്‍ക്കേണ്ടി വന്നത്.
Also Read:
വയനാടിന്റെ അതിര്‍ത്തി മേഖലയാണ് പോത്തകല്‍. ഒരു കുട്ടിയുടേതുള്‍പ്പെടെ പതിനൊന്ന് മൃതദേഹങ്ങളാണ് പുഴയിലൂടെ ഇവിടേക്ക് ഒഴുകിയെത്തിയത്. ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്നതാണെന്നാണ് നിഗമനം. ഒഴുകിയെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം. കുനിപ്പാലയില്‍ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ ലഭിക്കുകയായിരുന്നു. ചൂരല്‍മല ദുരന്തത്തില്‍ ഇതുവരെ 36 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.
Also Read:
39 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡുകളും പാലവും തകര്‍ന്നതും കാലാവസ്ഥ പ്രതികൂലമായതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്റര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നിലവില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സിവില്‍ ഡിഫന്‍സ്, എന്‍ഡിആര്‍എഫ്, ലോക്കല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം എന്നിവരടങ്ങുന്ന 250 അംഗ ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ ടീമിനെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.