ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ: ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി

വയനാട് പുനരധിവാസത്തിൻ്റെ ഭാ​ഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമിക്കാനാണ് സ‍ർക്കാർ തീരുമാനം
ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ: ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി
Published on

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. ദുരന്തബാധിതരായ 81 കുടുംബങ്ങളെയാണ് കരട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകൾ ഉൾപ്പെടുന്നവരുടെ ലിസ്റ്റാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്.



10-ാം വാർഡിൽ 42 കുടുംബങ്ങളും, 11-ാം വാർഡിൽ 29, 12-ാം വാർഡിൽ പത്തും കുടുംബങ്ങളാണ് രണ്ടാം ഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കരട് പട്ടികയുടെ മേലുള്ള പരാതികളും ആക്ഷേപങ്ങളും മാർച്ച് ഏഴ് വരെ നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ​ഗ്രാമപഞ്ചായത്ത് കാര്യാലയം, വെള്ളരിമല വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലാണ് ഹെൽപ് ഡെസ്കുകളിൽ സ‍ജ്ജീകരിച്ചിരിക്കുന്നത്. മാനന്തവാടി സബ് കളക്ടറുടെ ഇമെയിലിലേക്കും പരാതി സമർപ്പിക്കാവുന്നതാണ്. പട്ടികയിൽ ഉൾപ്പെട്ടവരിൽ ആരെങ്കിലും അയോ​ഗ്യരാണെന്ന് ഭാവിയിൽ കണ്ടെത്തുന്ന പക്ഷം അവരെ പട്ടികയിൽ നിന്നും ഓഴിവാക്കുമെന്നും ഉത്തരവിൽ‌ പറയുന്നു.

വയനാട് പുനരധിവാസത്തിൻ്റെ ഭാ​ഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമിക്കാനാണ് സ‍ർക്കാർ തീരുമാനം. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റുമാണ് ടൗൺഷിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കൽപ്പറ്റയിലെ എസ്റ്റേറ്റിൽ അഞ്ച് സെന്റിലും നെടുമ്പാലയിലെ ടൗൺഷിപ്പിൽ 10 സെന്റിലുമായിരിക്കും വീട് നിർമാണം. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പ് കൽപ്പറ്റ എൽസ്റ്റോൺ എസ്‌റ്റേറ്റിലാണ് സജ്ജമാകുക. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം. എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരിക്കുന്ന നിർദേശം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള 16 അം​ഗം കമ്മിറ്റിക്കാണ് ടൗൺഷിപ്പ് നിർമാണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മേൽനോട്ടത്തിനുമുള്ള ചുമതല.

2024 ജൂൺ 30ന് പുലർച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല-മുണ്ടക്കൈ-പുഞ്ചരിമട്ടം എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഉരുൾപൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തിയത്. മേപ്പാടി പഞ്ചായത്തിലെ പുഞ്ചരിമട്ടം നിത്യഹരിത വനത്തിനുള്ളിലായിരുന്നു ഉരുൾപൊട്ടലിൻറെ പ്രഭവ കേന്ദ്രം. തെന്നിമാറിയ ഭൂമിയും പാറയും അടങ്ങിയ ഉരുൾ പുന്നപ്പുഴ വഴി എട്ട് കി.മീ വരെ ഒഴുകിയെത്തി. അവശിഷ്ടങ്ങളുടെ ഒഴുക്ക് മണിക്കൂറിൽ 100.8 കി.മീ വരെ വേഗത കൈവരിച്ചുവെന്നാണ് കണക്കുകൾ. 231 മൃതദേഹങ്ങളും 222 ശരീര ഭാഗങ്ങളും ദുരന്ത മേഖലയിൽ നിന്നും മലപ്പുറം ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയത്. 17 കുടുംബങ്ങളിൽ ആകെയുണ്ടായിരുന്ന 58 ആളുകളും കൊല്ലപ്പെട്ടു. 6 കുട്ടികൾ ഉൾപ്പെടെ 21 പേർ അനാഥരായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com