'ആചാരപരമായിട്ടാണെങ്കില്‍ പ്രശ്‌നമാണ്'; സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്ക് കഴിച്ചതില്‍ സമസ്തയില്‍ വിവാദം മുറുകുന്നു

കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവുമൊത്താണ് സാദിഖലി തങ്ങള്‍ ക്രിസ്തുമസ് കേക്ക് മുറിച്ചത്
'ആചാരപരമായിട്ടാണെങ്കില്‍ പ്രശ്‌നമാണ്'; സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്ക് കഴിച്ചതില്‍ സമസ്തയില്‍ വിവാദം മുറുകുന്നു
Published on


മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്ക് കഴിച്ചതിനെ ചൊല്ലി സമസ്തയില്‍ തര്‍ക്കം മുറുകുന്നു. മറ്റു സമുദായക്കാരുടെ ആചാരങ്ങളില്‍ പങ്കെടുത്തത് തെറ്റെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിന്റെ വാദം. ആചാരപരമായിട്ടാണെങ്കിലും അല്ലെങ്കിലും ക്രിസ്മസ് കേക്ക് കഴിക്കുന്നത് തെറ്റാണെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവുമൊത്താണ് സാദിഖലി തങ്ങള്‍ ക്രിസ്തുമസ് കേക്ക് മുറിച്ചത്.

അതേസമയം സാദിഖലി തങ്ങള്‍ കേക്ക് കഴിച്ചതില്‍ തെറ്റില്ലെന്ന് എസ്എസ്എഫ് സംസ്ഥാന നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ആചാരത്തിന്റെ ഭാഗമായി കഴിച്ചാല്‍ തെറ്റാണെന്നും സൗഹൃദപരമായി കഴിച്ചാല്‍ കുഴപ്പമില്ലെന്നുമാണ് പൂക്കോട്ടൂരിന്റെ വാദം.

'ആചാരമോ വിശ്വാസമോ അംഗീകരിച്ചുകൊണ്ടാണ് കേക്ക് മുറിച്ചതെങ്കില്‍ അത് ചെയ്യാന്‍ പാടില്ല. അല്ലാതെ ഒരു സൗഹൃദത്തിന്റെ പുറത്ത് ഒരു കേക്ക് കഴിച്ചു. ഒരു വലിയ കേക്ക് അല്ലേ അത് മുറിക്കാതെ കഴിക്കാന്‍ പറ്റുമോ? ഒരു ആക്ഷേപമുണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കണം. ഒരു വ്യക്തിയുടെ അടിസ്ഥാനപരമായ വിശ്വാസത്തില്‍ പാളിച്ച വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ജനങ്ങള്‍ക്കാകെ സംശയമുണ്ടാക്കുന്ന പ്രവര്‍ത്തനം, അത് എന്താണെങ്കിലും അതില്‍ നിന്ന് നമ്മള്‍ വിട്ടു നില്‍ക്കണമെന്ന് പറയുമ്പോഴും സൗഹൃദത്തിന് വേണ്ടി രാജ്യത്തെ മതേതര സ്വഭാവത്തിന് കോട്ടം തട്ടാത്ത രീതിയില്‍ എല്ലാ വിഭാഗത്തെയും യോജിപ്പിച്ചു പിടിച്ചുകൊണ്ട് പോകുമ്പോള്‍ നമ്മള്‍ മതത്തിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാകാത്ത പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ എല്ലാത്തിനെയും സമൂഹത്തിന്റെ ഒരേ അളവുകോല്‍ വെച്ച് കൊണ്ട് പ്രകടമാക്കുന്ന സ്വഭാവത്തിലാണ് ഇന്ന് സമൂഹമുള്ളത്,' അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

എന്നാല്‍ തങ്ങള്‍ കേക്ക് കഴിച്ചത് വലിയ തെറ്റാണെന്ന് ആവര്‍ത്തിക്കുകയാണ് ഹമീദ് ഫൈസി അമ്പലക്കടവ്. 2015ല്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താത്തിരുന്നത് എന്തുകൊണ്ടാണ്? പൊട്ടു തൊട്ട മുസ്ലീം ലീഗ് മന്ത്രിയെ ഉമറലി ശിഹാബ് തങ്ങള്‍ തിരുത്തിയിട്ടുണ്ടെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. സംഭവത്തില്‍ നേരത്തെയും ഹമീദ് ഫൈസി അമ്പലക്കടവ് വിമര്‍ശനുവമായി രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com