സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ല: വി. ശിവന്‍കുട്ടി

പാലക്കാട് തത്തമംഗലത്തെ ജി.ബി.യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും ഒരു സംഘം തകർത്തിരുന്നു
സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ല: വി. ശിവന്‍കുട്ടി
Published on

സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞദിവസം ഉണ്ടായ നിർഭാഗ്യകരമായ സംഭവം മതേതര മനസാക്ഷിക്ക് വെല്ലുവിളിയാണ്. കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ ഇത്തരം ആളുകളെയും ആശയങ്ങളെയും തള്ളിക്കളയും എന്നും മന്ത്രി വാർത്താക്കുറിപ്പില്‍ പറഞ്ഞു.

പാലക്കാട് തത്തമംഗലത്തെ ജി.ബി.യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും ഒരു സംഘം തകർത്തിരുന്നു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ചിറ്റൂർ പൊലീസ് മണിക്കൂറുകൾക്കകം വിഎച്ച്പി പ്രവർത്തകരായ പ്രതികളെ പിടികൂടി. അധ്യാപകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സമാനമായ രീതിയില്‍ പാലക്കാട് നല്ലേപ്പിള്ളി ഗവൺമെൻ്റ് യുപി സ്കൂളിലെയും ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പ്രവർത്തകർ തടസപ്പെടുത്തിയിരുന്നു. സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി കരോൾ നടത്തുമ്പോഴാണ് വിശ്വഹിന്ദു പ്രവർത്തകർ പ്രവർത്തകർ എത്തിയത്. ക്രിസ്മസ് ആഘോഷിക്കരുതെന്നും ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പറഞ്ഞ് വിഎച്ച്‌പി പ്രവർത്തകർ പ്രധാനാധ്യാപികയേയും അധ്യാപകരേയും ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍  മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായിരുന്നു. 

അതേസമയം, ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായി സംഘവരിവാർ നടത്തിയ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. ആക്രമണങ്ങള്‍ കേരളത്തിനും മലയാളികൾക്കും അപമാനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com