ആറരപതിറ്റാണ്ട് നീണ്ട അഭിനയജീവിതം; മലയാളി എന്നെന്നും ഓർമിക്കുന്ന നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച കവിയൂർ പൊന്നമ്മ

മോഹന്‍ലാലിനൊപ്പമുള്ള 50 ലധികം അമ്മവേഷങ്ങളാണ് മലയാളത്തിന്‍റെ ഔദ്യോഗിക അമ്മയെന്ന പദവിയില്‍ കവിയൂർ പൊന്നമ്മയെ കൊണ്ടിരുത്തിയത്.
ആറരപതിറ്റാണ്ട് നീണ്ട അഭിനയജീവിതം; മലയാളി എന്നെന്നും ഓർമിക്കുന്ന നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച കവിയൂർ പൊന്നമ്മ
Published on

നായകനിലും നായികയിലുമൊതുങ്ങാത്ത മലയാളസിനിമയ്ക്ക് ഓർത്തുവയ്ക്കാവുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് കവിയൂർ പൊന്നമ്മ. സ്വാഭാവ നടിക്കുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നാലുതവണ കവിയൂർ പൊന്നമ്മ നേടിയത് അമ്മ കഥാപാത്രങ്ങളിലൂടെയാണ്.....

1965ല്‍ റിലീസായ തൊമ്മന്‍റെ മക്കളെന്ന ചിത്രത്തില്‍ മക്കളുടെ തമ്മില്‍തല്ലിനിടെ അടിയേറ്റുവീണ് മരിക്കുന്ന അമ്മയാണ് കവിയൂർ പൊന്നമ്മയുടെ കഥാപാത്രം. അന്ന് 53 കാരനായ സത്യനും 33 കാരനായ മധുവിനും അമ്മയായി അഭിനയിക്കുമ്പോള്‍ 20 വയസായിരുന്നു പൊന്നമ്മയുടെ പ്രായം. അതേവർഷമാണ് ഓടയില്‍ നിന്ന് എന്ന ചിത്രത്തില്‍ സത്യന്‍റെ ജോഡിയായി അഭിനയിച്ചതും. അതിനുമൊരുവർഷം മുന്‍പ് കുടുംബിനി എന്ന ചിത്രത്തില്‍ അമ്മയായി അഭിയിക്കുമ്പോള്‍ മകളായ ഷീലയ്ക്കും പൊന്നമ്മയ്ക്കും ഓരേപ്രായം.. പിന്നീട് പ്രവാഹത്തില്‍ പ്രേം നസീറിന്‍റെ, പെരിയാറില്‍ തിലകന്‍റെ, അങ്ങനെ ഇളംപ്രായത്തില്‍ തേടിയെത്തിയ അമ്മവേഷങ്ങള്‍ പലതാണ്.

ആറരപതിറ്റാണ്ട് നീണ്ട കരിയറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിങ്ങനെ മുന്‍നിരതാരങ്ങളില്‍ പലരുടെയും അമ്മയായി കവിയൂർ പൊന്നമ്മ. മോഹന്‍ലാലിനൊപ്പമുള്ള 50 ലധികം അമ്മവേഷങ്ങളാണ് മലയാളത്തിന്‍റെ ഔദ്യോഗിക അമ്മയെന്ന പദവിയില്‍ കവിയൂർ പൊന്നമ്മയെ കൊണ്ടിരുത്തിയത്. 80 കളിലും 90 കളിലും മലയാളത്തിലുണ്ടായ കുടുംബചിത്രങ്ങളുടെ കുത്തൊഴുക്കില്‍ പലപേരില്‍ കവിയൂർ പൊന്നമ്മയുടെ അമ്മകഥാപാത്രങ്ങള്‍ പ്രേക്ഷകന് മുന്നിലെത്തി. പലതും, മലയാളി സങ്കല്‍പ്പത്തിലെ സ്റ്റീരിയോ ടിപ്പിക്കല്‍ അമ്മവേഷങ്ങള്‍. ഉണ്ണീയെന്ന വിളിയെ ചുറ്റിപ്പറ്റി തിരിയുന്ന വാത്സ്യല്യത്തിന്‍റെ പ്രതീകമായ അമ്മമാർ. ഓപ്പോളിലെ നാരായണിയമ്മയും സുകൃതത്തിലെ സ്വാർഥയായ ചെറിയമ്മയും നിർമ്മാല്യത്തിലെ വെളിച്ചപ്പാടിന്‍റെ ഭാര്യയും ആയിരിക്കും അതില്‍ അപവാദങ്ങള്‍.

എന്നാല്‍ പ്രത്യേകിച്ച് റോളൊന്നുമില്ലാത്ത സെെഡ് ക്യാരക്ടറുകളായിരുന്നില്ല ആ അമ്മമാർ. പ്രധാനകഥാപാത്രങ്ങളുടെ വെെകാരികയാത്രയില്‍ അവർക്കുണ്ടായിരുന്ന സ്വാധീനം തള്ളിപ്പറയാനുമാവില്ല. ഓരേ ചട്ടക്കൂടില്‍ നില്‍ക്കുമ്പോഴും വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ് കവിയൂർ പൊന്നമ്മയ്ക്ക് നാലുതവണ സ്വഭാവനടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തത്. തനിയാവർത്തനത്തിലെ ബാലന്‍റെ അമ്മയാണ് വേഷങ്ങളുടെ തനിയാവർത്തനം അവസാനിപ്പിക്കുന്നത്. നായകനായ ബാലൻ മാഷിനെ ഭ്രാന്തനായി സമൂഹം മുദ്രകുത്താതിരിക്കാൻ വിഷമൊഴിച്ച ചോറുവാരികൊടുക്കുന്ന അമ്മയെ ഒരു കുഞ്ഞിന്‍റെ കാഴ്ചപ്പാടിലൂടെ കാണിക്കുന്ന ക്ലെെമാക്സ് മലയാളി ഒരിക്കലും മറക്കില്ല.

2021 ല്‍ ആണും പെണ്ണും ആന്തോളജിയില്‍ ആഷിക് അബു സംവിധാനം ചെയ്ത റാണിയിലേക്ക് എത്തുമ്പോള്‍ അതിലെ കുട്ടന്‍റെ അമ്മ എന്ന കഥാപാത്രം കവിയൂർ പൊന്നമ്മയെ പൊളിച്ചെഴുതുന്നതും കാണാം. അപരിചിതരുടെ ലെെംഗികവേഴ്ച ഒളിഞ്ഞുനിന്ന് കണ്ട ഭർത്താവിനോട് അതിനെക്കുറിച്ച് ആകാംഷയോടെ ചുഴിഞ്ഞുചോദിക്കുന്ന കിടപ്പുരോഗിയായ ഒരു സ്ത്രീ.. അങ്ങനെയൊരു കഥാപാത്രപകർച്ച ഉടച്ചുകളഞ്ഞത് പതിറ്റാണ്ടുകളുടെ വാർപ്പാണ്.





Related Stories

No stories found.
News Malayalam 24x7
newsmalayalam.com