സാധാരണഗതിയിൽ ദിവസനടപടികളുടെ തുടക്കത്തിൽ, അഭിഭാഷകർ സിജെഐയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ അടിയന്തര കേസുകൾ വാക്കാൽ പരാമർശിക്കാറുണ്ട്
അടിയന്തര കേസുകൾ പരിഗണിക്കാനുള്ള അപേക്ഷ ഇനി മുതൽ ഇ-മെയിൽ വഴി നൽകണമെന്ന് പുതുതായി ചുമതലയേറ്റ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. രേഖാമൂലമുള്ള കത്തുകൾ വഴിയോ, ഇ-മെയിൽ വഴിയോ മാത്രമേ അടിയന്തര കേസുകൾ പരിഗണിക്കുകയുള്ളുവെന്നും വാക്കാലുള്ള അപേക്ഷകൾ പരിഗണിക്കുകയില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.
സാധാരണഗതിയിൽ ദിവസ നടപടികളുടെ തുടക്കത്തിൽ, അഭിഭാഷകർ ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ അടിയന്തര കേസുകൾ വാക്കാൽ പരാമർശിക്കാറുണ്ട്. എന്നാൽ ഇനി കാരണങ്ങളടക്കം ബോധിപ്പിച്ച് കത്തുകളോ, ഇ-മെയിലോ അയക്കണമെന്നാണ് ചീഫ് ജസ്റ്റിസിൻ്റെ നിർദേശം.
"ഇനി രേഖാമൂലമോ വാക്കാലുള്ളതോ ആയ പരാമർശങ്ങളൊന്നുമില്ല. ഇ-മെയിലുകളോ എഴുതിയ അപേക്ഷകളോ മാത്രമേ സ്വീകരിക്കുകയുള്ളൂ. അടിയന്തര ആവശ്യത്തിന്റെ കാരണങ്ങളും പറയണം," ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
വ്യക്തിപരമോ രാഷ്ട്രീയമോ ആയ ലാഭത്തിനു വേണ്ടി തൻ്റെ സ്ഥാനമാനങ്ങൾ ഉപയോഗിക്കാതിരുന്ന ഹാൻസ് രാജ് ഖന്നയുടെ പിൻതലമുറക്കാരനാണ് സഞ്ജീവ് ഖന്ന. പൗരന്മാരുടെ മൗലികാവകാശങ്ങൾ ഹനിക്കുന്ന 'മിസ' എടുത്ത് കളയണമെന്ന ആവശ്യം പരിഗണിച്ച അഞ്ചംഗ സുപ്രീം കോടതി ബെഞ്ചിൽ ഇന്ദിര സർക്കാരിനെതിരെ നിലപാടെടുത്ത ഒരേ ഒരാളായിരുന്നു സഞ്ജീവ് ഖന്നയുടെ അമ്മാവൻ ജസ്റ്റിസ് ഹാൻസ് രാജ് ഖന്ന. അതിന് അദ്ദേഹത്തിന് ത്യജിക്കേണ്ടി വന്നത് ചീഫ് ജസ്റ്റിസ് പദവിയാണ്.
സ്വേച്ഛാധിപത്യത്തിനെ എതിർത്തുള്ള ഇറങ്ങിപ്പോക്കായാണ് അതിനെ വിലയിരുത്തുന്നത്. അന്ന് ഹാൻസ് രാജ് ഖന്നയ്ക്ക് ത്യജിക്കേണ്ടിവന്ന അതേ പദവിയിലേക്കാണ് വർഷങ്ങൾക്ക് ശേഷം സഞ്ജീവ് ഖന്ന എത്തുന്നത്. ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ് വിരമിച്ചതിനെ തുടർന്നായിരുന്നു സഞ്ജീവ് ഖന്നയുടെ നിയമനം. 2025 മെയ് 13 വരെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന തുടരുക.