സമസ്ത മുശാവറ യോഗത്തില്‍ വാക്കേറ്റം; ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി

സമസ്തയില്‍ ചേരിതിരിഞ്ഞുള്ള വിഭാഗീയത നിലനില്‍ക്കുന്ന സമയത്താണ് കേന്ദ്ര മുശാവറ യോഗം ഇന്ന് കോഴിക്കോട് ആരംഭിച്ചത്
സമസ്ത മുശാവറ യോഗത്തില്‍ വാക്കേറ്റം; ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
Published on

സമസ്തക്കുള്ളില്‍ തര്‍ക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ച കേന്ദ്ര മുശാവറ യോഗത്തില്‍ വാക്കേറ്റം. സാദിഖലി തങ്ങള്‍ക്കെതിരെയുള്ള ഉമ്മര്‍ ഫൈസി മുക്കത്തിന്റെ വിവാദ പരാമര്‍ശം ചര്‍ച്ച ചെയ്യാന്‍ തുടങ്ങുമ്പോഴാണ് ജിഫ്രി മുത്തുകോയ തങ്ങളും ഉമര്‍ ഫൈസി മുക്കവും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. തര്‍ക്കത്തെ തുടര്‍ന്ന് ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോവുകയും യോഗം പിരിയുകയും ചെയ്തു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മുശാവറ യോഗം വിളിക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.


സമസ്തയില്‍ ചേരിതിരിഞ്ഞുള്ള വിഭാഗീയത നിലനില്‍ക്കുന്ന സമയത്താണ് കേന്ദ്ര മുശാവറ യോഗം ഇന്ന് കോഴിക്കോട് ആരംഭിച്ചത്. മുശാവറ യോഗം ആരംഭിച്ച് ഒന്നരമണിക്കൂര്‍ പിന്നിട്ട ശേഷമായിരുന്നു ഉമര്‍ ഫൈസിക്കെതിരെയുള്ള പരാതികള്‍ മുശാവറ യോഗം പരിഗണിച്ചത്. ചര്‍ച്ച ആരംഭിക്കാനിരിക്കെ ജിഫ്രി തങ്ങള്‍ ഉമര്‍ ഫൈസിയോട് യോഗത്തില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ നിന്ന് മാറിനില്‍ക്കാതെ ഉമര്‍ ഫൈസി മുശാവറ യോഗത്തില്‍ തുടര്‍ന്നു. കള്ളന്മാർ പറയുന്നത് ചെയ്യാനാവില്ലെന്നായിരുന്നു ഉമർ ഫൈസി മുക്കത്തിൻ്റെ വാദം. ആ കള്ളന്മാരിൽ ഞാനും പെടുമല്ലോയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു. തുടര്‍ന്നാണ് ജിഫ്രി തങ്ങളുമായും, മുശാവറയിലെ മറ്റൊരു അംഗമായ ഡോ. ബഹാവുദ്ദീന്‍ നദ്വിയുമായും വാക്ക് തര്‍ക്കം ഉണ്ടാകുന്നത്. ഇക്കാര്യം ന്യൂസ് മലയാളത്തോട് ബഹാവുദ്ദീന്‍ നദ്വി സ്ഥിരീകരിച്ചു.


ഉമര്‍ ഫൈസിയുടെ കള്ളന്‍ പരാമര്‍ശത്തെ തുടര്‍ന്ന് ജിഫ്രി തങ്ങള്‍ മുശാവറ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നു. സമസ്തയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പത്ത് ദിവസത്തിനകം പ്രത്യേകം മുശാവറ യോഗം വിളിക്കുമെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു.


Also Read: 'കോടതി ഉത്തരവിട്ടാൽ, ഭക്തർ പറയുന്ന പോലെയാണോ ചെയ്യുക'; ആന എഴുന്നള്ളിപ്പിൽ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി

എന്നാല്‍ കേന്ദ്ര മുശാവറയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയപ്പോള്‍ യോഗത്തില്‍ പൊട്ടിത്തെറിയെന്നും, പ്രസിഡണ്ട് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി എന്ന മട്ടില്‍ ചാനലുകളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സമസ്ത നേതൃത്വം പ്രതികരിച്ചു. സമയക്കുറവ് മൂലം മറ്റു അജണ്ടകള്‍ ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ദിവസം പ്രത്യേക യോഗം വിളിക്കുമെന്നും പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.



സമീപകാലങ്ങളില്‍ സമസ്തയില്‍ ചേരിതിരിഞ്ഞ് വിഭാഗീയത ഉണ്ടായപ്പോഴും അത് രമ്യമായി പരിഹരിക്കാനാണ് ജിഫ്രി തങ്ങള്‍ ശ്രമിച്ചിരുന്നത്. സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം തിങ്കളാഴ്ച മലപ്പുറത്ത് നടന്ന സമവായ ചര്‍ച്ച ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ മുശാവറ യോഗത്തിന് ശേഷം ലീഗ് വിരുദ്ധ പക്ഷത്തോടും ചര്‍ച്ച എന്ന സമീപനമാണ് ജിഫ്രി തങ്ങള്‍ സ്വീകരിച്ചിരുന്നത്. കൂടാതെ സാദിഖലി തങ്ങള്‍ക്കെതിരായുള്ള ഉമ്മര്‍ ഫൈസിയുടെ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലും അദ്ദേഹത്തെ സംരക്ഷിക്കാന്‍ ജിഫ്രി തങ്ങള്‍ ശ്രമിച്ചിരുന്നു.


കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഇ.കെ. വിഭാഗം സമസ്തയെ മുശാവറ യോഗത്തില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ എങ്ങനെ സ്വാധീനിക്കും എന്ന് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ടതുണ്ട്. കൂടാതെ കേന്ദ്ര മുശാവറയിലെ ഉമര്‍ ഫൈസിയുടെ ഭാവി എന്തെന്നതും ചോദ്യചിഹ്നമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com