അന്നയുടെ മരണം നൊമ്പരമുണ്ടാക്കി, ഒരു ജനാധിപത്യ സർക്കാർ തൊഴിൽ സമയം എങ്ങനെ 14 മണിക്കൂറാക്കും: മുഖ്യമന്ത്രി

പ്രൊഫഷണല്‍ മീറ്റ് സംഘടിപ്പിച്ച ഡിവൈഎഫ്ഐയെ മുഖ്യമന്ത്രി അഭിനന്ദിച്ചു
അന്നയുടെ മരണം നൊമ്പരമുണ്ടാക്കി, ഒരു ജനാധിപത്യ സർക്കാർ തൊഴിൽ സമയം എങ്ങനെ 14 മണിക്കൂറാക്കും: മുഖ്യമന്ത്രി
Published on

പ്രൊഫഷണല്‍ മേഖലയിലെ തൊഴില്‍ അന്തരീക്ഷത്തെ വിമർശിച്ചും യുവാക്കളുടെ സംഭാവനകളെ അഭിനന്ദിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ എങ്ങനെയാണ് തൊഴിൽ സമയം 14 മണിക്കൂറാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരം എകെജി ഹാളിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന യൂത്ത് പ്രൊഫഷണൽ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"വളരെ സുരക്ഷിതമായ ഒരു തൊഴിൽ മേഖലയാണിതെന്നാണ് ധാരണ. എന്നാൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആ പ്രതീതിയല്ല ഉണ്ടാക്കുന്നത്", പിണറായി പറഞ്ഞു. പൂനെയിൽ യുവതിയുടെ മരണംവല്ലാത്ത നൊമ്പരമുണ്ടാക്കിയ കാര്യമാണെന്നും ഉത്കണ്ഠയും പ്രതിഷേധവും രാജ്യത്ത് ഉയർന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read: അഭിമുഖം ഗുണകരമായത് ബിജെപിക്ക്; മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്നത് ഇടതുപക്ഷത്തെ തന്നെയോ? വിമര്‍ശനവുമായി രിസാല

സമൂഹത്തിലെ ക്ഷേമവും നന്മയും വികസനവും ഉറപ്പുവരുത്തുന്നതിൽ വലിയ സംഭാവന നൽകുന്നവരാണ് യുവാക്കള്‍ . നവകേരള സൃഷ്ടിക്ക് അവർ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ വലിയ മുതൽക്കൂട്ടാകും. അടുത്ത 25 വർഷത്തിൽ ലോകത്ത് ആകെ ഉണ്ടാകുന്ന തൊഴിലിൽ 75% സയൻസ്, ടെക്നോളജി എന്നീ മേഖലകളെ അടിസ്ഥാനമാക്കിയിരിക്കുമെന്നും പിണറായി ചൂണ്ടിക്കാട്ടി. ഈ മേഖലകളിലെ തൊഴിൽ ശക്തി വാർത്തെടുക്കണം. എന്നാൽ മാത്രമേ നമുക്ക് മുന്നേറാൻ കഴിയൂ. ഇത് ലക്ഷ്യമാക്കിയുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

പുതുതായി ആരംഭിച്ച നിരവധി സ്റ്റാർട്ടപ്പുകളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു.  അഞ്ചുവർഷത്തിൽ കേരളത്തിൽ 92,000 കോടി രൂപയുടെ നിക്ഷേപം വന്നതായാണ് റിപ്പോർട്ടുകളെന്നും വ്യവസായ മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ മുന്നേറ്റം കേരളമുണ്ടാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിക്ക് രംഗത്ത് രൂപപ്പെടുന്ന കാര്യങ്ങൾ സാമൂഹ്യ രംഗത്ത് കൂടി ഉപകാരപ്പെടണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പ്രൊഫഷണല്‍ മീറ്റ് സംഘടിപ്പിച്ച ഡിവൈഎഫ്ഐയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഡിവൈഎഫ്ഐയുടേത് മാതൃകാപരമായ ഇടപെടലാണ്. നാടിന് ഗുണപരമായ ഒരുപാട് നിർദേശങ്ങൾ ഇത്തരം പ്രൊഫഷണൽ മീറ്റിലൂടെ മുന്നോട്ടുവയ്ക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന് ഒട്ടേറെ സംഭാവനകൾ ചെയ്യാൻ കഴിയുന്ന വിഭാഗമാണ് യുവജനങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com