കേരളം വർഗീയസംഘർഷമില്ലാത്ത നാട്, വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ല: മുഖ്യമന്ത്രി

കോൺഗ്രസിൻ്റേയും ബിജെപിയും വർഗീയ നിലപാടുകളെ വിമർശിച്ചാണ് മുഖ്യമന്ത്രി തൻ്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്
കേരളം വർഗീയസംഘർഷമില്ലാത്ത നാട്, വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ല: മുഖ്യമന്ത്രി
Published on


വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന എൽഡിഎഫ് നിലപാടു കൊണ്ടാണ് കേരളം വർഗീയ സംഘർഷമില്ലാത്ത നാടായി തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിൽ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിൻ്റേയും ബിജെപിയുടെയും വർഗീയ നിലപാടുകളെ വിമർശിച്ചാണ് മുഖ്യമന്ത്രി ആദ്യ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടത്.

"വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ല. മതേതരമാണെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ല. വർഗീയതയുടെ ആടയാഭരണങ്ങളണിഞ്ഞ് മൃദുസമീപനം സ്വീകരിച്ച് ഒരു പാർട്ടിക്ക് മതേതരമാകാൻ കഴിയില്ല. കോൺഗ്രസിൻ്റെ ഒരു നേതാവ് ഗോൾവാക്കറുടെ ചിത്രത്തിന് മുന്നിൽ വണങ്ങി നിൽക്കുന്നത് കണ്ടു. മറ്റൊരാൾ ആർഎസ്എസ് ശാഖയ്ക്ക് സുരക്ഷയൊരുക്കിയ ആളാണെന്ന് അവകാശപ്പെടുന്നതും കണ്ടു. വർഗീയ സംഘർഷമില്ലാത്ത, വർഗീയ ശക്തികൾ ആഗ്രഹിക്കുന്ന തരത്തിൽ മാറാത്ത ഒരു നാടായി കേരളം തുടരുന്നതിന് കാരണം എൽഡിഎഫിൻ്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ്," മുഖ്യമന്ത്രി പറഞ്ഞു.

"എന്ത് സംസാരിക്കണം എന്നതിനെ കുറിച്ച് വ്യക്തതയുള്ളവരാണ് നമ്മുടെ നാട്ടിലെ വോട്ടർമാർ. നമ്മുടെ നാട്ടിൽ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ തുടരണമെങ്കിൽ എൽഡിഎഫ് തുടരണമെന്നാണ് കേരളീയർ ആഗ്രഹിക്കുന്നത്. വീണ്ടും എൽഡിഎഫ് സർക്കാരിനെ തെരഞ്ഞെടുത്തത് ഇതിന് തെളിവാണ്. എൽഡിഎഫിനോടൊപ്പം കൂടുതൽ കൂടുതൽ ജനവിഭാഗങ്ങൾ അണിചേരുന്ന കാഴ്ചയാണ് നമുക്ക് കാണാനാകുക. നാടിൻ്റെ ക്ഷേമവും സന്തോഷവും ഉറപ്പാക്കുന്നത് എൽഡിഎഫ് സർക്കാരാണ്," മുഖ്യമന്ത്രി പറഞ്ഞു.

"ബിജെപിക്ക് അന്യമത വിരോധമുണ്ടെന്നും അതിൻ്റെ ഭാഗമായ അക്രമം അവർ നടപ്പാക്കുന്നുണ്ട്. മതനിരപേക്ഷത അവകാശപ്പെടുന്ന കോൺഗ്രസ് വർഗീയതയുടെ ആടയാഭരണം അണിയുന്നു. തൃശ്ശൂരിൽ കോൺഗ്രസിൻ്റെ 87,000 വോട്ട് ചോർന്നു. ആ വോട്ട് ബിജെപിയുടെ ജയത്തിന് വഴിയൊരുക്കി. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയോട് എൽഡിഎഫിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്. എന്നാൽ കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയെ പ്രീണിപ്പിച്ചു. തത്കാലം വോട്ട് പോരട്ടെയെന്നാണ് യുഡിഎഫ് നിലപാട്. ഇതിനായി ജമാ അത്തെ ഇസ്ലാമിയെയും എസ‌്‌ഡിപിഐയെയും ചേർത്ത് പിടിച്ചു. മുസ്‌ലിം ലീഗ് എസ‌്‌ഡിപിഐയെയും ജമാഅത്തെ ഇസ്‌ലാ മിയെയും ചേർത്തു പിടിക്കുന്നത് അവരുടെ തന്നെ ശോഷണത്തിന് വഴിവയ്ക്കും. നാടിൻ്റെ സ്വൈര്യവും ശാന്തിയും സമാധാനവും നിലനിർത്താൻ കഴിയുന്നത് എൽഡിഎഫിന് കീഴിൽ മാത്രമാണ്," പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചു. കേന്ദ്ര വിരുദ്ധ സമരത്തിൽ യുഡിഎഫ് പങ്കെടുത്തില്ല. അവർ കേന്ദ്ര സമീപനത്തിന് ഒപ്പം നിന്നു. മുണ്ടക്കൈ ദുരന്തമുണ്ടായപ്പോൾ പ്രധാനമന്ത്രി വന്നുപോയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ന്യായമായ സഹായം ഇതുവരെ ലഭിച്ചില്ല. ദുരന്തമുണ്ടായ മറ്റിടങ്ങളിൽ സഹായം നൽകി. കേരളം നശിക്കട്ടെയെന്ന സമീപനമാണ് കേന്ദ്രത്തിന്. മുണ്ടക്കൈയിൽ മനോഹരമായ ടൗൺഷിപ്പ് ഒരുക്കും. ഒരു വിട്ടുവീഴ്ചയും അക്കാര്യത്തിലുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com