മൂന്നാം തോട് സുധി മെമ്മോറിയൽ അങ്കണവാടിയിലെ അധ്യാപിക മിനിക്കെതിരെയാണ് ആരോപണം
കോഴിക്കോട് താമരശ്ശേരിയിൽ അങ്കണവാടി അധ്യാപിക മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചതായി പരാതി. മൂന്നാം തോട് സുധി മെമ്മോറിയൽ അങ്കണവാടിയിലെ അധ്യാപിക മിനിക്കെതിരെയാണ് ആരോപണം. മലബാർ ഉന്നതി നിവാസികളായ ശിബിൻ, അനുകൃഷ്ണ ദമ്പതികളുടെ മകൾക്കാണ് പരിക്കേറ്റത്. അധ്യാപികക്കെതിരെ കുടുംബം താമരശ്ശേരി പോലീസിൽ പരാതി നൽകി.
കഴിഞ്ഞദിവസം രാവിലെയോടെ താമരശ്ശേരി മൂന്നാം തോട് സുധി മെമ്മോറിയൽ അങ്കണവാടിയിലാണ് സംഭവം. അങ്കണവാടിയിൽ നിന്ന് അമ്മയ്‌ക്കൊപ്പം പോകാൻ കരഞ്ഞ കുഞ്ഞിനെ ടീച്ചർ ബലമായി അകത്തേക്ക് വലിക്കുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞിന് കൈക്ക് പരിക്കേറ്റത്. വേദനയിൽ കുട്ടി കരഞ്ഞെങ്കിലും ടീച്ചർ ശ്രദ്ധിച്ചില്ലെന്നും, വീട്ടിലെത്തിയശേഷം കുഞ്ഞ് കൈ അനക്കാതിരുന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സാരമായി പരിക്കേറ്റത് മനസ്സിലാകുന്നതെന്നും രക്ഷിതാക്കൾ പറഞ്ഞു.
ALSO READ: വിദ്യാർഥി മിഹിർ അഹമ്മദ് ജീവനൊടുക്കിയ സംഭവം; ജെംസ് സ്കൂൾ വൈസ് പ്രിൻസിപ്പലിനെ വീണ്ടും ചോദ്യം ചെയ്യും
മുൻപും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ടീച്ചർക്കെതിരെ പരാതിയുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, കുട്ടിയുടെ കൈക്ക് നേരത്തെ തന്നെ പ്രശ്നം ഉണ്ടായിരുന്നെന്നും, ഇക്കാര്യം കുടുംബം തന്നെ അറിയിച്ചിട്ടില്ലെന്നും, അബദ്ധവശാൽ സംഭവിച്ചതാണെന്നും അധ്യാപിക മിനി ന്യൂസ് മലയാളത്തോട് പറഞ്ഞു. ടീച്ചർക്കെതിരെ നടപടി എടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.