പാടം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം
നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് തടങ്കലിൽ പാർപ്പിച്ചുവെന്ന് ആരോപിച്ച് പാടം വനം വകുപ്പ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആറുപേരാണ് പരാതി നൽകിയത്. പാടം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴില്‍ പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ കൈതച്ചക്ക കൃഷിയിടത്തിന് സമീപത്ത് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലാണ് ആളുകളെ ചോദ്യം ചെയ്യാനായി വനം വകുപ്പ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
കൈതകൃഷി പാട്ടത്തിന് എടുത്തവർ സോളർ വേലിയിലൂടെ വലിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാനക്ക് ഷോക്കേൽക്കാൻ കാരണമെന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം. എന്നാൽ അനധികൃതമായി വൈദ്യുതി കൊടുക്കാൻ ഒരു സാധ്യതയും ഇല്ലെന്ന് സ്ഥലം പരിശോധിച്ച കെഎസ്ഇബി അധികൃതർ പറഞ്ഞിരുന്നു.
ALSO READ: ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പരാതി; ജനീഷ് കുമാർ എംഎൽഎയ്‌ക്കെതിരെ കേസ്
ഇക്കാര്യത്തിൽ സ്ഥലം പാട്ടത്തിനെടുത്തായാളുടെ സഹായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തത് മതിയായ രേഖകളില്ലാതെയാണെന്ന് ആരോപിച്ച് കോന്നി എംഎൽഎ കെ.യു ജനീഷ് കുമാർ സ്റ്റേഷനിലെത്തി ബലം പ്രയോഗിച്ച് പുറത്തിറക്കിയിരുന്നു. സ്റ്റേഷനിലെത്തിയ എംഎൽഎ സ്റ്റേഷൻ കത്തിക്കുമെന്നും വീണ്ടും നക്സലുകൾ വരുമെന്നും ഭീഷണി മുഴക്കിയിരുന്നു. സ്റ്റേഷനിലെത്തി ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ എംഎൽഎ ഖേദം പ്രകടിപ്പിച്ചിരുന്നു. തല പോയാലും ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും എംഎൽഎ അറിയിച്ചിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് എംഎൽഎ ജനീഷ് കുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.