
തിരുവനന്തപുരം വെങ്ങാനൂരിലെ മാനേജ്മെൻറ് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. സെബിന്‍ എന്ന അധ്യാപകനെതിരെയാണ് പരാതി. കളിയാക്കി എന്ന് പറഞ്ഞാരുന്നു അധ്യാപകന്റെ മർദനം. ഭക്ഷണം കഴിക്കാനിരിക്കവെ മൂന്നുതവണ സ്റ്റാഫ് റൂമിൽ വിളിച്ചു കൊണ്ടുപോയി ചൂരൽ കൊണ്ട് അധ്യാപകൻ അടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വീടിന് സമീപം നടന്ന അപകടത്തെക്കുറിച്ച് സുഹൃത്തിനോട് സംസാരിച്ചപ്പോൾ അധ്യാപകനെ കളിയാക്കിയെന്ന തോന്നലിൽ മർദിച്ചുവെന്നാണ് കുട്ടി പറയുന്നത്. കുട്ടിയോട് കാല് പിടിച്ച് അപേക്ഷിക്കാൻ പറഞ്ഞതായും പരാതിയിൽ പറയുന്നു. "വീടിനടുത്തുള്ള സ്മാർട്ട് പോയിന്റിൽ നടന്ന അപകടത്തെപ്പറ്റി ഞാൻ ഒരു കൂട്ടുകാരനോട് പറഞ്ഞു. അവൻ വേറൊരു കൂട്ടുകാരനോട് പറഞ്ഞു. അവൻ ഈ സാറിനോട് പറഞ്ഞു ഞാൻ സാറിനെപ്പറ്റിയാണ് പറഞ്ഞതെന്ന്. സാറിനെപ്പറ്റിയല്ലെന്ന് കൊറേ തവണ പറഞ്ഞു. സാർ എന്നിട്ടും എന്നെ കൊണ്ടിട്ട് അടിച്ചു. ക്ലാസിനടുത്ത് ആഹാരം കഴിക്കാനിരുന്നപ്പോൾ പിന്നെയും വന്ന് വിളിച്ചോണ്ട് പോയി. പ്രിൻസിപ്പലിന്റെ അടുത്ത് കൊണ്ടുപോയി. പക്ഷേ പ്രിൻസിപ്പൽ വന്നില്ലായിരുന്നു. എച്ച്എമ്മിന്റെ അടുത്ത് കൊണ്ടുപോയി. എച്ച്എമ്മും ഇല്ലായിരുന്നു. പിന്നെ എന്നെ ഫാദറിന്റെ അടുത്തി കൊണ്ടുപോയി. അവസാനം ഞാൻ സോറി പറഞ്ഞു. പിന്നെയും ആഹാരം കഴിക്കാൻ പോയി. പിന്നെയും സാർ സിസ്റ്ററിന്റെ അടുത്ത് വിളിച്ചുകൊണ്ട് പോയി. ഫാദറു പറഞ്ഞു ക്ഷമിക്കാൻ പക്ഷേ എനിക്ക് ക്ഷമിക്കാൻ പറ്റില്ലെന്ന് സാറ് പറഞ്ഞു. സിസ്റ്റർ പറഞ്ഞു കാല് പിടിക്കാൻ, കുട്ടി പറഞ്ഞു. മുളങ്കമ്പുവെച്ച് അത് പൊട്ടുന്ന വരെ അടിച്ചെന്നും കുട്ടി വെളിപ്പെടുത്തി.
മറ്റു അധ്യാപകർ വിലക്കിയപ്പോഴാണ് അടി നിർത്തിയത്. മാതാപിതാക്കളുടെ പരാതിയിൽ സ്കൂൾ അധികൃതർ അധ്യാപകനെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്.