
കണ്ണൂരിൽ അങ്കണവാടിയിൽ നിന്ന് തലയ്ക്ക് പരിക്കേറ്റ കുട്ടിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി. നെരുവമ്പ്രം വെടിവെപ്പിൻചാൽ അങ്കണവാടി ജീവനക്കാർക്കെതിരെയാണ് പരാതി. കുട്ടി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്നലെയാണ് സംഭവം നടന്നത്. നെരുവമ്പ്രം വെടിവെപ്പിൻ ചാലിലെ ധനേഷിൻ്റെ മകൻ ഋഗ്വേദിനാണ് അങ്കണവാടിയിൽ നിന്ന് തലയ്ക്ക് പരുക്കേറ്റത്. എന്നാൽ കുട്ടിക്ക് ചികിത്സ നൽകാൻ അങ്കണവാടി ജീവനക്കാർ തയ്യാറായില്ല എന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. വൈകിട്ട് വീട്ടിലെത്തിയ കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് എരിപുരത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. അപ്പോഴാണ് മുറിവ് ആഴത്തിലുള്ളതാണെന്ന് മനസിലായത്. മുറിവിൽ ചായപ്പൊടി പോലുള്ള എന്തോ വസ്തു നിറച്ചിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു.
തുടർന്ന് കുട്ടിയെ ആദ്യം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിന്നീട് ഡോക്ടറുടെ നിർദേശ പ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.
അതേസമയം, ചെറിയ പരുക്കാണ് കുട്ടിക്ക് ഉണ്ടായതെന്നും പ്രാഥമിക ചികിത്സ നൽകിയിരുന്നു എന്നുമാണ് അങ്കണവാടി ജീവനക്കാർ പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച ഏഴോം പഞ്ചായത്ത് പ്രസിഡൻ്റിന് അങ്കണവാടി അധ്യാപിക നൽകിയ വിശദീകരണവും ഇതാണ്. സംഭവത്തിൽ നിയമ നടപടികൾ സ്വീകരിക്കാനാണ് തീരുമാനമെന്ന് കുടുംബം പറഞ്ഞു.