
ഗുരുതര ആരോപണങ്ങളുള്ള ലൈംഗികാതിക്രമ കേസുകളില്‍ പരാതി പിന്‍വലിച്ചാലും കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. മകളുടെ പരാതിയില്‍ പിതാവിനെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പിതാവ് പീഡിപ്പിച്ചതായി മകള്‍ വെളിപ്പെടുത്തിയത്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടക്കവേ മകള്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറായി. തുടര്‍ന്നാണ് മകളുടേയും അമ്മയുടേയും മൊഴി കളവാണെന്ന് ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ആരോപണം ഗുരുതരമായതിനാല്‍ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി.
സംഭവത്തിന്റെ ആഘാതത്തില്‍ നിന്നും പരാതിക്കാരി അതിജീവിച്ചാല്‍പോലും കേസ് റദ്ദാക്കാനാകില്ലെന്ന് റാംജി ലാല്‍ ബൈര്‍വ ആന്റ് സ്റ്റേറ്റ് ഓഫ് രാജസ്ഥാന്‍ കേസില്‍ സുപ്രീം കോടതിയുടെ സമീപകാല വിധിയെ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്ന് വര്‍ഷത്തിനിടെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ ആക്ടി ലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.