
കാനഡയിൽ ഖലിസ്താൻ വാദികളായ സിഖ് നേതാക്കൾക്കെതിരെ അക്രമം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടെന്ന കനേഡിയൻ സർക്കാരിന്റെ വെളിപ്പെടുത്തൽ ആശങ്കപ്പെടുത്തുന്നതാണെന്ന് അമേരിക്ക. വിഷയത്തിൽ ക്യാനഡയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടുമെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യൂ മില്ലർ മാധ്യമങ്ങളോട് പറഞ്ഞു. വാഷിങ്ടൺ പോസ്റ്റിന്‍റെ റിപ്പോർട്ടിലാണ് അമിത് ഷായ്ക്കെതിരായ ഗുരുതര വെളിപ്പെടുത്തലുകൾ വന്നത്.
കാനഡയിൽ ഖലിസ്താൻ വാദികളായ സിഖ് സമുദായ നേതാക്കൾക്കെതിരെ അക്രമത്തിന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിലാണ് യു എസ് പ്രതികരണം. ക്യാനഡയിലുള്ള സിഖ് രാഷ്ട്ര വാദികളെ ലക്ഷ്യം വച്ച് അക്രമത്തിനും ചാരപ്പണിക്കും വിവരശേഖരണത്തിനും അമിത് ഷാ ഉത്തരവിട്ടു എന്നാണ് ആരോപണം. ക്യാനഡയുടെ ഈ ആരോപണം ആശങ്ക ഉയർത്തുന്നതാണെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ആരോപണത്തെക്കുറിച്ച് കനേഡിയൻ സർക്കാരിനോട് കൂടുതൽ വിവരങ്ങൾ തേടുമെന്നും മാത്യൂ മില്ലർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ അമിത് ഷായ്ക്ക് എതിരെ ഉയർന്ന വെളിപ്പെടുത്തലുകൾ കനേഡിയൻ ഉപവിദേശകാര്യമന്ത്രി ഡേവിഡ് മോറിസണും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാതലി ഡ്രൂവിനും സ്ഥിരീകരിച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ ഔദ്യോഗിക ഏജൻസികൾക്ക് പങ്കുണ്ടെന്നും അതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നുമുള്ള പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് അമിത് ഷായ്ക്ക് കാനഡയിൽ സിഖ് നേതാക്കളെ ലക്ഷ്യമിട്ട് നടക്കുന്ന അക്രമങ്ങളിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തൽ വന്നത്.
വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായാണ് സിഖ് നേതാക്കളെ ഉന്നമിട്ട് അക്രമങ്ങൾക്ക് ഉത്തരവിട്ടയാൾ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് വെളിപ്പെടുത്തിയതായി ഡേവിഡ് മോറിസണും നാതലി ഡ്രൂവിനും കനേഡിയൻ ദേശീയ സുരക്ഷാ സമിതിയിലെ പാർലമെന്റ് അംഗങ്ങളോട് പറഞ്ഞത്.