പാക് സൈനിക തലവന്‍ അസിം മുനീറിന്‍റെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ ചേർത്തുവെച്ച് പോസ്റ്റ് ചെയ്തത് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഒറ്റക്കെട്ടെന്ന പ്രഖ്യാപനത്തെ കൈവിട്ട് വീണ്ടും ബിജെപി-കോണ്‍ഗ്രസ് രാഷ്ട്രീയ പോര്. ഇന്ത്യയുടെ പ്രത്യാക്രമണം പാകിസ്ഥാനെ മുന്‍കൂട്ടി അറിയിച്ചെന്നടക്കം ആരോപണങ്ങളില്‍ ചോദ്യങ്ങള്‍ ആവർത്തിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ രാജ്യദ്രോഹിയെന്നാണ് ബിജെപി ഐടി സെല്‍ തന്നെ വിശേഷിപ്പിക്കുന്നത്. പ്രതിപക്ഷനേതാവിന് പാകിസ്ഥാന്‍റെ സ്വരമെന്ന് വിശേഷിപ്പിക്കുന്ന ബിജെപിയുടെ ആക്രമണത്തെ ശക്തമായി ചെറുത്ത് കോണ്‍ഗ്രസും രംഗത്തുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിന് മുന്നോടിയായി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ വാക്കുകളെ ചൂണ്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ച ചോദ്യങ്ങളാണ് ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പാകിസ്ഥാന്‍ അറിഞ്ഞുള്ള സൈനികനീക്കത്തില്‍ ഇന്ത്യയ്ക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി എന്ന ചോദ്യം രാഹുല്‍ ആവർത്തിക്കുകയും ചെയ്തു.
പാക് സൈനിക തലവന്‍ അസിം മുനീറിന്‍റെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ ചേർത്തുവെച്ച് പോസ്റ്റ് ചെയ്തത് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ്. രാഹുല്‍ ഗാന്ധി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്‍റെ തോളിലിരുന്ന് നമുക്ക് എത്രവിമാനങ്ങള്‍ നഷ്ടമായി എന്ന് സൈന്യത്തോട് ചോദിക്കുന്നതാണ് അമിത് മാളവ്യയുടെ മറ്റൊരു പോസ്റ്റ്.
രാഹുലിന്‍റെ സമീപകാല പരാമർശങ്ങളില്‍ പാകിസ്ഥാന്‍റെ അജണ്ട പ്രതിഫലിക്കുന്നുവെന്നും പരമോന്നത പാക് ബഹുമതിയായ നിഷാൻ-ഇ-പാകിസ്ഥാൻ ആണോ രാഹുല്‍ ലക്ഷ്യമിടുന്നതെന്നും പോസ്റ്റുകളുടെ ക്യാപ്ഷന്‍. രാഹുലിനെ നവയുഗ മിർ ജാഫർ എന്ന് വിശേഷിപ്പിച്ച് രാജ്യദ്രോഹിയും ഒറ്റുകാരനുമായി ചിത്രീകരിക്കുന്നതാണ് മറ്റൊരു ക്യാപ്ഷന്‍. രാഹുല്‍ ഗാന്ധിയുടെ ഹൃദയം ഇന്ത്യയ്ക്കുവേണ്ടിയല്ല, പാകിസ്ഥാനുവേണ്ടിയാണ് മിടിക്കുന്നത് എന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയുടെ പ്രസ്താവനയും പുറത്തുവന്നു.
അതേസമയം, വിയോജിക്കുന്നവരെ പരിഹസിച്ചും ആക്രമിച്ചും നിശ്ശബ്ദരാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോൺഗ്രസ്സ് നേതാവ് താരിഖ് അൻവർ വിമർശിച്ചു. ചോദ്യം ചോദിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുകയാണെന്നും താരിഖ്. മുൻ ബിജെപി പ്രധാനമന്ത്രിയായ മൊറാർജി ദേശായി മാത്രമാണ് നിഷാൻ-ഇ-പാകിസ്ഥാൻ സ്വീകരിച്ച ഏക ഇന്ത്യൻ രാഷ്ട്രീയ നേതാവെന്നും അമിത് മാളവ്യയ്ക്ക് നൽകിയ മറുപടിയിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയും തിരിച്ചടിച്ചു.
പാകിസ്ഥാനെതിരായ സൈനിക നടപടിയിൽ ഒറ്റക്കെട്ടായി നിൽക്കുമെന്ന് പ്രഖ്യാപിച്ചതിന് ആഴ്ചകൾക്കിപ്പുറമാണ് ചേരി തിരിഞ്ഞുള്ള രാഷ്ട്രീയ പോര്. ചോദ്യമുന്നയിച്ച പ്രതിപക്ഷ നേതാവിനെ തന്നെ രാജ്യദ്രോഹിയാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ പ്രകടിപ്പിക്കുന്നത്.