
ഇടതു സർക്കാരിനെ പുകഴ്ത്തിയുള്ള ശശി തരൂർ എംപിയുടെ ലേഖനത്തിൽ ഹൈക്കമാൻഡ് ഇടപെട്ടേക്കും. സംസ്ഥാന നേതൃത്വം വിമർശനം ഉയർത്തിയിട്ടും നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ ഇടപെടൽ വേണമെന്ന് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഹൈക്കമാൻഡ് ഇടപെടൽ വന്നാൽ കെപിസിസിയുടെ അവഗണനയടക്കം പരാതിയായി ഉന്നയിക്കാനാണ് തരൂരിന്റെ തീരുമാനം.
കേരളം വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമായി മാറിയെന്ന ലേഖനം പുറത്തുവന്നതിന് പിന്നാലെ തന്നെ കോൺഗ്രസ് നേതൃത്വം തരൂരിനെതിരെ രംഗത്ത് വന്നിരുന്നു. ലേഖനം അപ്പാടെ തള്ളിയ നേതാക്കളിൽ ഭൂരിഭാഗവും തരൂരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. എന്നാൽ നിലപാട് മയപ്പെടുത്തിയെങ്കിലും തിരുത്തൽ വരുത്താൻ തരൂർ തയ്യാറായില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി അതൃപ്‌തി അറിയിച്ചതോടെയാണ് നിലപാട് മയപ്പെടുത്തിയത്.
എന്നാൽ രണ്ട് തവണ മാധ്യമങ്ങളെ കണ്ടപ്പോഴും ഫേസ്‌ബുക്ക് പോസ്റ്റുകളിലും ലേഖനത്തെ തരൂർ ന്യായീകരിച്ചു. വേണമെങ്കിൽ പ്രവർത്തക സമിതിയിൽ നിന്ന് ഒഴിയാം എന്ന് അൽപ്പം കടത്തി പറയുകയും ചെയ്തു. ഇതാണ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത്. മുതിർന്ന നേതാവ് തന്നെ ശശി തരൂരുമായി സംസാരിക്കുമെന്നാണ് വിവരം. നേരത്തെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തരൂരുമായി സംസാരിച്ചിരുന്നു. അതേസമയം ഹൈക്കമാൻഡ് ഇടപെടൽ വന്നാൽ നേരത്തെ ഉയർത്തിയ അവഗണന എന്ന പരാതി തരൂർ ഉന്നയിക്കും.
കെപിസിസി ആസ്ഥാനത്ത് മുറി അനുവദിക്കാത്തതും, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ ക്ഷണിതാക്കൾക്ക് കിട്ടുന്ന പരിഗണന സംസ്ഥാനത്ത് ലഭിക്കാത്തതും നേതൃത്വത്തെ അറിയിക്കാനാണ് നീക്കം. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ വിവാദം വേഗത്തിൽ അവസാനിപ്പിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. സിപിഎം തരൂരിനെ പിന്തുണക്കുകയും അഭിനന്ദിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം.