ഹൈക്കോടതിയിൽ എ. രാജയ്ക്കെതിരെ വ്യക്തമായ രേഖകൾ നൽകിയിരുന്നു
ദേവികുളം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കേസിൻ്റെ വിധിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഡി. കുമാർ. തെളിവുകൾ കൃത്യമായി സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. ജനങ്ങളുടെ കോടതിയിൽ രാജ കുറ്റകാരൻ തന്നെയാണെന്നും ഡി. കുമാർ പറഞ്ഞു. ഹൈക്കോടതിയിൽ എ. രാജയ്ക്കെതിരെ വ്യക്തമായ രേഖകൾ നൽകിയിരുന്നു. അതുകൊണ്ടാണ് ഹൈക്കോടതിയിൽ നിന്നും അനുകലമായ വിധി ഉണ്ടായത്. പക്ഷെ ഹൈക്കോടതിയിൽ നൽകിയ തെളിവുകൾ സുപ്രീം കോടതി എന്ത് കൊണ്ട് പരിഗണിച്ചില്ല എന്ന് മനസിലാകുന്നില്ല. രാജ പട്ടിക ജാതിക്കാരനല്ല എന്നതിൽ ഞാൻ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. അത് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഡി. കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർഥിയായിരുന്ന ഡി. കുമാറാണ് സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ക്രൈസ്തവ സഭാംഗമായ ആൻ്റണിയുടെയും എസ്തറിന്‍റെറയും മകനാണ് രാജയെന്നും ജ്ഞാനസ്‌നാനം ചെയ്ത ക്രൈസ്തവ സഭാംഗമാണെന്നുമായിരുന്നു പരാതി. തുടർന്ന് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ പിന്‍ബലത്തിലാണ് രാജ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി 2023 മാർച്ച് 20ന് ഹൈക്കോടതി തെരഞ്ഞെടുപ്പു ഫലം റദ്ദാക്കുകയായിരുന്നു.
ഈ വിധിയാണ് സുപ്രീം കോടതി ഇപ്പോൾ റദ്ദാക്കിയത്. എ. രാജയ്ക്ക് എംഎൽഎ സ്ഥാനത്ത് തുടരാമെന്നും, എംഎൽഎ എന്ന നിലയിൽ ഇതുവരെയുള്ള എല്ലാ അനുകൂല്യങ്ങളും രാജക്ക് നൽകണമെന്നുമാണ് സുപ്രീം കോടതിയുടെ ഉത്തരവ്. തന്റെ മുത്തശ്ശി പുഷ്പം 1950-ന് മുമ്പ് കേരളത്തിലെത്തിയതാണെന്ന് തെളിയിക്കാൻ എ. രാജ ഹാജരാക്കിയ കണ്ണൻദേവൻ ഹിൽ പ്ലാന്‍റേഷൻ കമ്പനിയുടെ രേഖയാണ് കേസിൽ നിർണായകമായത്.