
ഡൽഹിയിൽ അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി കോൺഗ്രസ്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെയാണ് പുതിയ നീക്കം. മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായിരുന്ന അശോക് ഗെലോട്ടാണ് പ്രഖ്യാപനം നടത്തിയത്. ജീവൻ രക്ഷാ യോജന എന്ന പദ്ധതിയിലൂടെ കുടുംബങ്ങൾക്ക് സമഗ്രമായ ആരോഗ്യ പരിരക്ഷ സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ജനങ്ങൾക്ക് കോൺഗ്രസ് നൽകുന്ന രണ്ടാമത്തെ ഉറപ്പാണിത്. നേരത്തെ, 'പ്യാരി ദീദി യോജന' എന്ന പേരിൽ ഡൽഹിയിലെ സ്ത്രീകൾക്ക് എല്ലാ മാസവും 2500 രൂപ നൽകുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലെത്തിയാൽ രണ്ട് പദ്ധതികളും പ്രാധാന്യത്തോടെ നടപ്പാക്കുമെന്നും അശോക് ഗെലോട്ട് പറഞ്ഞു. പ്രകടനപത്രികയിൽ 'ജീവന് രക്ഷാ യോജന' ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിൽ വിജയകരമായി നടപ്പാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ മാതൃകയിലാകും ഡൽഹിയിലും പദ്ധതി നടപ്പാക്കുക. ജീവന് രക്ഷാ യോജന ഡൽഹിക്ക് ഒരു ഗെയിം ചേഞ്ചർ സ്കീമായിരിക്കും. അതിൻ്റെ കൂടുതൽ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുമെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു.
ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന് നടക്കും. ആകെ 70 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 70ല്‍ 12 എണ്ണം സംവരണ മണ്ഡലങ്ങളാണ്. നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം ജനുവരി 17 ആണ്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ജനുവരി 20. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് തീയതികള്‍ പ്രഖ്യാപിച്ചത്.
ഡൽഹിയിൽ ആകെ 1.55 കോടി വോട്ടർമാരാണുള്ളത്. ഇതില്‍ 2.08 ലക്ഷം പേർ കന്നി വോട്ടർമാരാണ്. 1.09 ലക്ഷം വോട്ടർമാർക്കാണ് 85ന് മുകളിൽ പ്രായം. വോട്ടിങ്ങിനായി 13,033 പോളിങ് കേന്ദ്രങ്ങൾ ഒരുക്കും. പോളിങ് ദിനത്തിന് മുമ്പ് വോട്ടർമാർ അവരുടെ പേരുകളുണ്ടോ എന്ന് ഓൺലൈനിൽ പരിശോധിച്ച് ഉറപ്പാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.